വിദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി രാജിവച്ചു! മധുരയിലെത്തി അക്ഷയ എന്നപേരില്‍ ട്രസ്റ്റ് തുടങ്ങി; നാരായന്‍ കൃഷ്ണന്‍, ഉസ്താദ് ഹോട്ടലിലെ ജീവിക്കുന്ന കഥാപാത്രം

അഞ്ജലി മേനോന്‍ തിരക്കഥയെഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ തിലകന്റെ കഥാപാത്രം തന്റെ കൊച്ചുമകനെ ജോലിയുടെ മാഹാത്മ്യം പഠിപ്പിക്കുന്നതിനായി ഒരു വ്യക്തിയുടെ അടുത്തേയ്ക്ക് പറഞ്ഞയയ്ക്കുന്നുണ്ട്. വിദേശത്ത് വമ്പന്‍ ശമ്പളം കിട്ടിയിരുന്ന ജോലി രാജിവച്ച് നാട്ടിലെത്തി, തെരുവിലലയുന്ന പാവങ്ങള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് എത്തിച്ചുകൊടുക്കുന്ന ഒരു വ്യക്തിയെയാണ് സിനിമയിലെ ആ സീനുകളില്‍ കാണിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരത്തിലുള്ള ആളുകളുണ്ടോ എന്ന് പലര്‍ക്കും സംശയം തോന്നിയേക്കാം. എന്നാല്‍ അങ്ങനെയൊരാളുണ്ടെന്നതാണ് സത്യം. ആ വ്യക്തിയുടെ ജീവിതം തന്നെയാണ് സിനിമയില്‍ കാണുന്നതും.

മധുരയിലെ ഹോട്ടല്‍ ഉടമ നാരായന്‍ കൃഷ്ണയാണത്. നാരായന്‍ കൃഷ്ണന്റെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്കാണ്. താന്‍ തന്നെ പാചകം ചെയ്തുണ്ടാക്കുന്ന ചൂടു ഭക്ഷണവുമായി ഇദ്ദേഹവും സഹായികളും തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച വാനില്‍ മധുര നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സഞ്ചരിക്കുന്നു. റോഡരികിലും, ഓവുചാലുകളിലും,കലുങ്കുകള്‍ക്കടിയിലും ഇവര്‍ മാനസിക നിലതെറ്റിയവരെയും, അശരണരെയും, നിസ്സാഹായഅവസ്ഥയില്‍ കഴിയുന്നവരെയും തെരഞ്ഞു കണ്ടെത്തി അവര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം നല്കുന്നു. പലപ്പോഴും സ്വന്തമായി ഒന്നും ചെയ്യാന്‍പോലും കഴിവില്ലാത്ത വണ്ണം തളര്‍ന്നും തകര്‍ന്നും പോയവര്‍ക്ക് ഭക്ഷണം വാരികൊടുക്കുന്നു. തീര്‍ന്നില്ല, നാരായന്‍ കൃഷ്ണന്റെ കൈയ്യില്‍ എപ്പോഴും ചീപ്പും,കത്രികയും കത്തിയും ഉണ്ടാവും. ആവശ്യമുള്ളവര്‍ക്ക് ക്ഷൗരം ചെയ്തും കൊടുക്കും ഇദ്ദേഹം. പിന്നീട് കുളിപ്പിക്കലും. ചിലരെ വൃത്തിയുള്ള വസ്ത്രവും ധരിപ്പിക്കും.

29 ാം വയസില്‍ വിദേശത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഷെഫായി ജോലിചെയ്തിരുന്നു, നാരായന്‍ കൃഷ്ണന്‍. മധുരയിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവേ മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യന്‍ വിശപ്പ് സഹിക്കാതെ സ്വന്തം വിസര്‍ജ്യം ഭക്ഷിക്കുന്ന കാഴ്ചയാണ് നാരായന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ‘അക്ഷയ’ എന്ന പേരില്‍ നാരായണന്‍ 2003 ല്‍ തുടങ്ങിയ ട്രസ്റ്റ് ഇതിനോടകം 12ലക്ഷം ഭക്ഷണപൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു. നാനൂറോളം പേരെ പ്രതിദിനം ഊട്ടാന്‍ 15000 രൂപയോളമാണ് ചെലവ്. സംഭാവനയായി ഒരു മാസം ട്രസ്റ്റിനുലഭിക്കുന്ന പണം കൊണ്ട് കേവലം 22ദിവസം മാത്രമേ ഭക്ഷണം നല്കാനാവൂ.

ബാക്കി തുക സ്വന്തം വീട് വാടകയ്ക്ക്‌കൊടുത്ത് കിട്ടുന്ന വാടക കൊണ്ടും മറ്റുമാണ് ഇദ്ദേഹം കണ്ടെത്തുന്നത്. ഇതിനായി ഇദ്ദേഹം താമസം അക്ഷയയുടെ അടുക്കളയിലേക്ക് മാറ്റി. തന്റെ വിദ്യാഭ്യാസത്തിനായി ഏറെ ചെലവുചെയ്ത അച്ഛനമ്മമാര്‍ക്ക് ആദ്യമൊക്കെ താന്‍ ജോലി ഉപേക്ഷിച്ചത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ ഒരിക്കല്‍ താന്‍ ഭക്ഷണം നല്കുന്നത് നേരില്‍ കണ്ട തന്റെ അമ്മ”നീ ഇത്രയും ആളുകള്‍ക്ക് ഭക്ഷണം നല്കി വരുന്നുവെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ഞാന്‍ നിനക്ക് ഭക്ഷണം തരും”എന്ന് തന്നോട് പറഞ്ഞതായി ഓര്‍ക്കുന്നു. ചിലപ്പോഴെക്കെ സിനിമയെ വെല്ലുന്നതാണ് ജീവിതം എന്നതിന് മറ്റൊരുദാഹരണംകൂടിയാവുന്നു ഇദ്ദേഹത്തിന്റേത്.

 

Related posts