പുതുച്ചേരി: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ രണ്ടാം തവണയും കേസെടുത്ത് പോലീസ്. കോൺഗ്രസ് എംഎൽഎയും മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ വിശ്വസ്തനുമായ ജോൺ കുമാറിനെതിരെയാണ് കേസെടുത്തത്.
എംഎൽഎയുടെ ഗ്രാമത്തിൽ നൂറ്റമ്പതോളം പേർക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്തതിനാണ് കേസെടുത്തത്. ലോക്ക്ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് എംഎൽഎ അരി വിതരണം നടത്തിയത്.
നെല്ലിത്തോപ്പിൽ തിങ്കളാഴ്ച ജോൺ കുമാർ നടത്തിയ അരിവിതരണത്തിനെതിരെ റവന്യു വിഭാഗം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസവും എംഎൽഎക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്.