തളിപ്പറമ്പ്: പട്ടേരി നാരായണന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ പാലകുളങ്ങരയിലെ നാട്ടുകാർ. ഇന്നലെ ഗുരുവായൂരിൽ ആനയുടെ ചവിട്ടേറ്റ് അദ്ദേഹം മരണപ്പെട്ടെന്ന വാർത്ത അക്ഷരാർത്ഥത്തിൽ നാടിനെ ഞട്ടിച്ചു. വീട്ടിൽ വരാതെ നേരിട്ടാണ് അദ്ദേഹം ദോഹയിൽ നിന്ന് ഗുരുവായൂരിലെത്തിയത്. ഖത്തറിൽ ജോലിചെയ്യുന്ന കോട്ടപ്പടി മുള്ളത്ത് വീട്ടിൽ ഷൈജുവാണ് കോട്ടപ്പടി സൗഹൃദ പൂരാഘോഷ കമ്മിറ്റിക്കുവേണ്ടി ആനയെ കൊണ്ടുവന്നത്.
ഷൈജുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശവും ഇന്നലെയായിരുന്നു. ഗൃഹപ്രവേശനത്തിനും പൂരത്തിനുമായാണ് ഷൈജുവിന്റെ കുടുംബസുഹൃത്തായ നാരായണൻ ഖത്തറിൽനിന്ന് ഇന്നലെ രാത്രി കോട്ടപ്പടിയിൽ എത്തിയത്. ഉദാരമതിയായിരുന്ന ഇദ്ദേഹം നിരവധി പേരെ വിദേശത്തേക്ക് കൊണ്ടു പോകുകയും പലർക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
ഭാര്യ.ബേബി നിഷ. മക്കൾ: ഡോ.നീന (ജില്ലാ ആശുപത്രി,കണ്ണൂർ), റിനു. മരുമകൻ: ഡോ.വിശാൽ (ജില്ലാ ആശുപത്രി, കണ്ണൂർ). സഹോദരങ്ങൾ: ജാനകി, ശാരദ, കുന്ദൻ, കമലാക്ഷി, സുരേന്ദ്രൻ, രമേശൻ, പരേതനായ ലക്ഷ്മണൻ. സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് ഏഴാംമൈൽ സമുദായ ശ്മശാനത്തിൽ നടക്കും.ആനയുടെ ചവിട്ടേറ്റ് കോഴിക്കോട് നരിക്കുനി മടവൂർ അരീക്കൽ വീട്ടിൽ മുരുകനും (60) മരിച്ചിരുന്നു.നാരായണന്റെ സുഹൃത്താണ് മുരുകൻ.