കാട്ടാക്കട: നാരായണന് തെരുവ് നായ്ക്കൾ മക്കളെ പോലെയാണ്. പണി പൂർത്തിയാകാത്ത ഈ വീട്ടിൽ നായ്ക്കൾക്ക് ഭക്ഷണം കിട്ടും. പരിലാളനം കിട്ടും. വിളപ്പിൽ പഞ്ചായത്തിലെ കാവിൻപുറം തെക്കേ ഹൗസിംഗ് കോളനിയിലെ നാരായണനാണ് തെരുവ് നായ്ക്കൾക്ക് നാഥനായി മാറുന്നത്. കൂലി വേലക്കാരനായ നാരായണൻ അന്തിയുറങ്ങുന്നത് പണി പൂർത്തിയാകാത്ത വീട്ടിലാണ്. തെരുവ് നായ്ക്കളെ തന്റെ കുഞ്ഞുങ്ങളെ പോലെ വളർത്തുന്നു, പരിപാലിക്കുന്നു. ഇപ്പോൾ വലുതും ചെറുതുമായി 12 നായ്ക്കൾ.
വീട്ടിലെത്തിച്ച നായ്ക്കൾക്ക് നാരായണനും ഭാര്യ രഘുപതിയും തന്നെ ഭക്ഷണം വച്ച് നൽകും. സമൂഹം തെരുവ് നായ്ക്കളെ ആട്ടിപായിക്കുന്പോ ളാണ് നാരായണൻ അവർക്ക് രക്ഷകനാകുന്നത്. നായ്ക്കളും ദൈവത്തിന്റെ സൃഷ്ടികളാണ്.
അനാഥരായ മനുഷ്യരെ പോലെ അവരും അനാഥരായാൽ അവറ്റകളെ സംരക്ഷിക്കേണ്ടത് മനുഷ്യർ തന്നെയാണ് നാരായണൻ പറയുന്നു. എവിടെയെങ്കിലും പോയിട്ട് വീട്ടിലെത്തിയാൽ നാരായണന് ചുറ്റും നായ്ക്കൾ ഓടിയെത്തും.
നാരായണന് ഇപ്പോള്‍ അസുഖം കാരണം കൂലി വേല ചെയ്യാൻ കഴിയാത്ത നിലയാണ്. എങ്കിലും കിട്ടുന്ന പണം നായ്ക്ക ള്‍ക്ക് വേണ്ടി ചിലവഴിക്കാൻ നാരായണന് ഉത്സാഹമാണ്. നാരായണന്റെ മക്കൾക്കും ചെറുമക്കൾക്കും നായ്ക്കളെ ജീവനാണ്. തന്റെ അയൽവാസിയുടെ വളർത്തു പട്ടി അദ്ദേഹത്തിന്റെ മരണശേഷം ഒറ്റപ്പെട്ടു. അതിനെ തന്റെ കൂടെ കൂട്ടി. അന്ന് മുതലാണ് നാരായണൻ നായ്ക്കൾക്ക് പ്രിയങ്കരനാകുന്നത്.