പീറ്റർ ഏഴിമല
പയ്യന്നൂര്‍: കാനായി തോട്ടംകടവ് റോഡില്‍ യമുനാതീരത്തിന് സമീപത്തെ കുന്നത്ത് നാരായണന് വൈദ്യരുടെ വീട്ടുവളപ്പിലേക്ക് കടന്നുചെല്ലുന്നവരെ സ്വാഗതം ചെയ്യുന്നത് കസ്തൂരി മഞ്ഞളിന്റേയും രാമച്ചത്തിന്റേയും ഇലഞ്ഞിയുടേയും സുഗന്ധമാണ്. ഇവിടുത്തെ 40 സെന്റ് സ്ഥലത്താണ് വിദേശിയും സ്വദേശിയുമായ ഔഷധ സസ്യങ്ങളെ മാറോടണച്ച് ജീവിക്കുന്ന കുന്നത്ത് നാരായണന് വൈദ്യരുടെ സ്വപ്നങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്നത്.
വരുംതലമുറയ്ക്കായി വിലപ്പെട്ട ഔഷധ സസ്യ കാഴ്ചകളാണ് ഇദ്ദേഹം വീട്ടുവളപ്പില്‍ ഒരുക്കിയിട്ടുള്ളത്. അഞ്ചോളം മരുന്നുകളില്‍ ചേര്‍ക്കുന്ന കാഞ്ഞിരം മുതല്‍ സര്‍വ്വസുഗന്ധി, അമരിവെള്ള, അത്തി, ഇത്തി, ആനച്ചുവടി, ഉറുതൂക്കി, ഏകനായകം, ഏലം, കറ്റാര്‍വാഴ, കരിനൊച്ചി, കച്ചോലം, കാട്ടുതിപ്പല്ലി, കയ്പമൃത്, കറുക, കീഴാനെല്ലി, കടുക്ക, കരിമഞ്ഞള്‍, കടലാടി, കര്‍പ്പൂര തുളസി, ചിറ്റാമൃത്, ചെത്തിക്കൊടുവേലി, ചെറുകടലാടി, തിപ്പലി, പതിമുഖം, പൂവാംകുറുന്തല്‍, തുമ്പ, തെറ്റി, നന്നാറി, നിലവേപ്പ്, നീലക്കടമ്പ്, നോനി, നറുനീണ്ടി, പടംമടക്കി, മുക്കൂറ്റി, മുള്ളന്ചീര, ബ്രഹ്മി, ചുവന്ന കദളി, പൂജക്കദളി തുടങ്ങി അഞ്ഞൂറിലധികം ഔഷധ സസ്യങ്ങളുടെ കലവറയാണ് കുന്നത്ത് വീട്ടുവളപ്പ്.
അശ്വതി, ഭരണി മുതല്‍ രേവതിവരെയുള്ള 27 ജന്മനക്ഷത്രങ്ങള്‍ക്കും വിധിപ്രകാരം കല്പിച്ചിട്ടുള്ള 27 ഔഷധ സസ്യങ്ങളും ഇവിടെ വേറെതന്നെ പരിപാലിക്കുന്നുണ്ട്. ഓരോ നക്ഷത്രക്കാര്‍ അവര്‍ക്ക് പറഞ്ഞിട്ടുള്ള ഓരോ സസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചാല്തന്നെ പ്രകൃതി ചൂഷണത്തില്‍ അന്യമാകുന്ന പച്ചപ്പ് തിരിച്ച് പിടിക്കാമെന്നും അത് ഭൂമിക്ക് കുളിരേകുന്ന കര്മ്മമാകുമെന്നാണ് അമ്പത്താറ്കാരനായ നാരായണന് വൈദ്യര് പറയുന്നത്.
ഇരുപത് വര്‍ഷങ്ങളായി വീട്ടുവളപ്പില്‍ ഔഷധ സസ്യപരിപാലനത്തില് മാത്രമാണ് നാരായണന് വൈദ്യരുടെ ശ്രദ്ധ. കൂട്ടിനുള്ളത് പിതാവ് കേളോത്ത് കണ്ണനില്നിന്നും പകര്‍ന്നുകിട്ടിയ അറിവുകളുടെ പിന്‍ബലവും. പയ്യന്നൂര്‍ ഗവ.ആയുര്‍വ്വേദ ആശുപത്രിയില്‍ രൂപപ്പെടുത്തിയ ഔഷധതോട്ടത്തിന്റെ അണിയറ ശില്‍പ്പിയും ഇദ്ദേഹം തന്നെ. ആയുര്‍വ്വേദ ആശുപത്രിയില്‍ ഞവരക്കഞ്ഞി നല്‍കുന്നതിനായി 30 സെന്റ് സ്ഥലത്ത് ഞവരകൃഷിയും ചെയ്യുന്നുണ്ട്.
കാന്‍സര്‍ രോഗബാധയില്‍ ശരീരത്തില്‍നിന്നും കോശങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ മരുന്നിലൂടെ പുതിയ കോശങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് ഇത്രയും കാലത്തെ ചികിത്സാനുഭവവും നിരീക്ഷണങ്ങളും കൊണ്ട് ഇദ്ദേഹത്തിന് ഉറപ്പുണ്ട്. കറ്റാര്വാഴയില്നിന്നും വേര്‍തിരിച്ചെടുക്കുന്ന ജെല്‍ ഉപയോഗിച്ചാണ് ഇതിനുള്ള മരുന്നുണ്ടാക്കുന്നത്. എന്നാല്‍ ഇത് മരുന്നായി ഉദ്പാദിപ്പിക്കാന്‍ നിലവിലുള്ള നിയമം തടസമായതിനാല്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ഈ സിദ്ധൗഷധ നിര്‍മാണം ആഗ്രഹമായി അവശേഷിക്കുകയാണ്.
മുമ്പ് കെഎസ്ഇബിയില്‍ കരാര്‍പണികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നുവെങ്കിലും ഔഷധസസ്യങ്ങളോടുള്ള പ്രണയം സിരകളില്‍ ലഹരിയായി പടര്‍ന്നു കയറിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആ തൊഴിലിനോട് വിട പറഞ്ഞു. ഇപ്പോള്‍ സ്കൂളുകളും ക്ലബ്ബുകളും വനംവകുപ്പും സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജീവിത ശൈലി രോഗങ്ങളേപറ്റിയും ഔഷധ സസ്യങ്ങളേപറ്റിയും ക്ലാസുകളെടുക്കാറുണ്ട്.
വീടിന് സമീപത്തെ ഷെഡില്നിന്നുമുണ്ടാക്കുന്ന കറ്റാര്‍വാഴ തൈലത്തിന് ആവശ്യക്കാര്‍ ഏറിവരുന്നതിനാല്‍ അതില്‍നിന്നുള്ള വരുമാനമാണ് ജീവിതത്തെ മുന്നോട്ട് നീക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെനിന്നും കറ്റാര്‍ വാഴ തൈലം വാങ്ങി വീടുകള്‍തോറും വിതരണം ചെയ്യുന്നത്. തദ്ദേശ പാരമ്പര്യ ചികിത്സാ വിഭാഗത്തില്‍ അംഗമായ ഇദ്ദേഹം ഏഴിമല, കൊട്ടത്തലച്ചി, കണ്ണവം, നിലമ്പൂര്‍ തുടങ്ങിയ മലയോര മേഖലകളില്‍നിന്നാണ് മരുന്നുകള്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിക്കുന്നത്.
പുഷ്പോത്സവങ്ങളിലും വയനാട് അംബലവയലിലെ വിത്ത് കൈമാറ്റത്തിലും തന്റെ അത്യപൂര്‍വ്വ മരുന്ന് ശേഖരണവുമായി ഇദ്ദേഹം എത്താറുണ്ട്.140 വിവിധയിനം ഇലകളെപറ്റി പ്രതിപാദിക്കുന്ന ഇലയറിവുകള്‍- ഔഷധം, ഭക്ഷണം എന്ന പുസ്തകം ഇദ്ദേഹത്തിന്റെ രചനയാണ്. മികച്ച പൂരക്കളി കലാകാരന് കൂടിയായ നാരായണന് വൈദ്യര് ക്ഷേത്രങ്ങളില്‍ നടത്തുന്ന പൂരക്കളികളിലും സജീവമാണ്.
നമ്മുടെ നാട്ടിലുണ്ടായിരുന്ന ഔഷധ സസ്യശേഖരം പലവിധ കാരണങ്ങളാല്‍ നാശോന്മുഖമായെന്നും ഇവയെ തിരിച്ച് കൊണ്ടുവരാനുള്ള തന്റെ ശ്രമമാണ് വീട്ടുവളപ്പില്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ഔഷധസസ്യങ്ങളെ വെച്ച് പിടിപ്പിച്ച് പരിപാലിക്കുക മാത്രമല്ല ആവശ്യക്കാരായി വരുന്നവര്‍ക്ക് ഇവ സൗജന്യമായി ഇദ്ദേഹം വിതരണം ചെയ്യുന്നുമുണ്ട്.
ഔഷധസസ്യപരിപാലനം ജീവിതവ്രതമാക്കിയ നാരായണന് വൈദ്യരെ ഫോക്ലോര് അക്കാദമി 2016ലെ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. കേളോത്ത് കണ്ണന്റേയും കുന്നത്ത് ചിരിയുടേയും മകനാണ് നാരായണന് വൈദ്യര്. ഭാര്യ: ശാമള. മക്കള്‍: രജീഷ്, രജിത.