ഇ. അനീഷ്
കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിച്ച് ബിജെപി.നാര്‍ക്കോട്ടിക് ജിഹാദ് യഥാര്‍ഥ്യമാണെന്നു സൂചിപ്പിച്ചു വിവിധ സാമുദായിക സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ബിജെപി ഒരു പടി കൂടി കടന്നു കേന്ദ്ര ഇന്റലിജന്‍സ് നിരീക്ഷണം ഉള്‍പ്പെടെ ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നത്.
ബിജെപി കേരള നേതൃത്വം ഇത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്പ്പെടുത്തികഴിഞ്ഞു.ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്പിള്ളഉള്പ്പെടെയുള്ളവര് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയം ഗൗരവമായി കാണാന്‍ കേന്ദ്ര നേതൃത്വം തയാറായിരിക്കുന്നത്. വിഷയം യാഥാര്‍ഥ്യമാണെങ്കിലും രാഷ്്ട്രീയ നേട്ടത്തിനുവേണ്ടി ഇരുപക്ഷവും പിടിക്കാനാണ് കേരളത്തിലെ ഇടതു വലതുമുന്നണികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം.
ലക്ഷ്യം വോട്ട്ബാങ്ക്
നിലവില്‍ വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് വിഷയത്തില്‍ കേന്ദ്ര നീരിക്ഷണം ശക്തമാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ കേരളത്തിലുണ്ടായിരിക്കുന്ന മതമാറ്റ വിവാഹങ്ങളും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും സംസ്ഥാന ഇന്റലിജന്‍സും നിരീക്ഷിക്കുന്നുണ്ട്.
എന്നാല്‍ മുന്‍കാലസംഭവങ്ങള്‍ കേരളത്തിലെ മതസൗഹാര്‍ദത്തിന് എതിരാകുമെന്നതിനാല്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന നിലപാട്
ലൗ ജിഹാദ് സംസ്ഥാനത്തില്ലെന്നനിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. അതിന്റെ മുനയൊടുക്കുന്ന രീതിയിലാണ് ഇപ്പോള്് നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയം ഉയര്ന്നവന്നിരിക്കുന്നതും മറ്റ് സംഘടനകള്‍ ഇതു ശരിയാണെന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയിരിക്കുന്നതും.
മയക്കുമരുന്നുകേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് അടിമപ്പെടുന്നവരില്‍ കോളജ് തലം മുതലുള്ള വിദ്യാര്‍ഥികളുണ്ട്.
ഇവരെ ലക്ഷ്യം വച്ചുകൊണ്ട് വലിയമാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണയത്തിന്റെ മറവില്‍ ഇതുമായി ബന്ധപ്പെട്ടു നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ സംഭവിക്കുന്നതായും അന്വേഷണ എജന്‍സികള്‍ക്ക് അറിവുള്ളതാണ്.
എന്നാല്‍, നടപടി എടുക്കുന്നതിലെ പരിമിതിയും പരാതികളില്ലാത്തതുമാണ് പല കേസുകളും വഴുതിപ്പോകാന്‍ കാരണം.