തിരുവനന്തപുരം: നാർക്കോട്ടിക് വിവാദത്തിൽ സർക്കാരിന്റേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണം അവസാനിപ്പിക്കണം. ഇതിന് എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്.
സമൂഹമാധ്യങ്ങളിലൂടെ പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് ആളുകൾ വീട്ടിൽ കയറി ഇരിക്കുകയാണ്. ഇവർക്കെതിരെ നടപടി വേണം. സൈബർ പോലീസിന് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. നടപടി സ്വീകരിക്കാൻ പറ്റാത്ത സൈബർ പോലീസിനെ പിരിച്ചുവിടണം.
മന്ത്രി വാസവൻ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണെന്നും സതീശൻ ചോദിച്ചു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. സമൂദായ നേതാക്കൻമാരുടെ യോഗം വിളിച്ച് ഒറ്റദിവസം കൊണ്ട് വിവാദം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വ നിലപാടിൽ വെള്ളം ചേർക്കാത്ത നിലപാടാണ് യുഡിഎഫിന്റേത്. സൗഹൃദത്തിന്റേയും സ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. തങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം സർക്കാരിന് ഉപയോഗിക്കാമെന്നും ഇതിന്റെ ക്രഡിറ്റ് സർക്കാരിന് എടുക്കാമെന്നും സതീശൻ കൂട്ടിച്ചേർത്തു.