മലപ്പുറം: മലപ്പുറത്തു പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിൽ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ അറസ്റ്റിലായ മൂന്നു പേർ റിമാൻഡിലായിട്ടുണ്ട്.
പതിനഞ്ചുകാരിക്കു ഒരു വർഷത്തിലേറെയായി മയക്കുമരുന്നു നൽകിയിരുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. കുഴിമണ്ണ കടുങ്ങല്ലൂർ കണ്ണാടിപ്പറന്പ് നവാസ് ഷെരീഫ് (24), കാവനൂർ താഴത്തുവീടൻ മുഹമ്മദ് (22), പുൽപ്പറ്റ പൂക്കളത്തൂർ കണയംകോട്ടിൽ ജാവിദ് (26) എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ സംഭവം മലപ്പുറത്തു നടന്നിരുന്നു. കൽപകഞ്ചേരിയിൽ നടന്ന സംഭവത്തിൽ പതിന്നാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡനത്തിന് ഇരയാക്കിയത്.
പ്രണയം നടിച്ച്
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇപ്പോഴത്തെ കേസിലെ പതിനഞ്ചുകാരിയെ പ്രതികൾ പരിചയപ്പെട്ടത്. പ്രണയം നടിച്ചു പെൺകുട്ടിയെ മയക്കുമരുന്നു കെണിയിൽ വീഴ്ത്തുകയായിരുന്നെന്നാണ് സൂചന. മയക്കുമരുന്നു നൽകി പെൺകുട്ടിയെ അതിന്റെ അടിമയാക്കി മാറ്റി.
പെൺകുട്ടി മയക്കുമരുന്നിന് അടിമയായി എന്നു കണ്ടുകഴിഞ്ഞപ്പോൾ മയക്കുമരുന്നു നൽകുന്നതു പ്രതികൾ കുറച്ചുകൊണ്ടുവന്നു. ഇതോടെ ലഹരി കിട്ടാതെ അസ്വസ്ഥയായ പെൺകുട്ടി അതു ലഭിക്കാനായി ഇവരെ വിളിച്ചുതുടങ്ങി.
കെണിയൊരുങ്ങുന്നു
ഇതു മുതലെടുത്താണ് പ്രതികൾ തന്ത്രപരമായി പെൺകുട്ടിയെ കെണിയിലാക്കിയത്. തങ്ങൾ പറയുന്ന സ്ഥലത്ത് എത്തിയാൽ മയക്കുമരുന്നു നൽകാമെന്നു പെൺകുട്ടിയെ വിശ്വസിപ്പിച്ചു.
ഈ മാസം എട്ടിനായിരുന്നു സംഭവം. മയക്കുമരുന്നു നൽകാമെന്നു വിശ്വസിപ്പിച്ചു പെൺകുട്ടിയെ കാറിൽ കയറ്റി കരിപ്പൂർ വിമാനത്താവളത്തിനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
രാത്രിയിൽ കഞ്ചാവു നൽകി. പിന്നീട് മറ്റു മയക്കുമരുന്നും നൽകി ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ കേരള പോലീസ് ആക്ട് 57 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആവർത്തിക്കുന്നു
പോക്സോ വകുപ്പിലെ 5, 6 സെക്ഷൻ പ്രകാരവും ബലാത്സംഗകുറ്റത്തിന് 376, 366 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. പ്രണയം നടിച്ച ശേഷം മയക്കുമരുന്നു നൽകി പെൺകുട്ടികളെ ദുരുപയോഗിക്കുന്ന സംഭവങ്ങൾ കേരളത്തിൽ വലിയ ചർച്ചയാകുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി കൂടി ഇതിന് ഇരയായി മാറിയിരിക്കുന്നത്.
കൊല്ലം സ്വദേശിനിയും
ആഴ്ചകൾക്കു മുന്പ് കോഴിക്കോട്ട് കൊല്ലം സ്വദേശിനിയായ 32കാരിയെ മയക്കുമരുന്നു നൽകി കൂട്ട ബലാത്സംഗം ചെയ്തിരുന്നു. പ്രണയം നടിച്ചു വിളിച്ചു വരുത്തി മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില് വച്ചാണ് പീഡനം നടന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മലപ്പുറത്തു തന്നെ പതിന്നാലുകാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച സംഭവം അരങ്ങേറിയത്. കന്മനം സ്വദേശി മുഹമ്മദ് അഫ്ലഹ് (22), ഒഴൂർ സ്വദേശ് ചാണാട്ട് മുഹമ്മദ് റാസിക് (22) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവരെക്കൂടാതെ അഞ്ചു പേർകൂടി ഈ കേസിൽ പ്രതികളായിരുന്നു.
മാസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. കൽപകഞ്ചേരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.