സാൻഹൊസെ: യുഎസിലെ കലിഫോർണിയ സംസ്ഥാനത്തെ സാൻഹൊസെ സിറ്റിയിൽ മംഗളൂരുകാരായ ഇന്ത്യൻ ദന്പതികൾ ബുധനാഴ്ച രാത്രി വെടിയേറ്റു മരിച്ചു. മകളുടെ മുൻ കാമുകനാണു ക്രൂരകൃത്യം ചെയ്തതെന്നു പോലീസ് പറഞ്ഞു.
സിലിക്കൺ വാലിയിലെ ജൂണിപ്പർ നെറ്റ്വർക്സിൽ സീനിയർ മാനേജരായിരുന്ന നരേൻ പ്രസാദ്, റയാന എന്നിവരാണു മരിച്ചത്. മകൾ റേച്ചലിന്റെ മുൻ ബോയ്ഫ്രണ്ട് മിർസാ ടാറ്റലികാണു പ്രതി. ഇയാൾ ലാറാവില്ലിലെ വീട്ടിൽ അതിക്രമിച്ചുകടന്നു റേച്ചലിന്റെ മാതാപിതാക്കളെ വെടിവച്ചുകൊല്ലുകയായിരുന്നു. റേച്ചൽ വീട്ടിലുണ്ടായിരുന്നില്ല. റേച്ചലിന്റെ സഹോദരൻ 20 വയസുള്ള പ്രഭുവാണ് സംഭവം പോലീസിൽ അറിയിച്ചത്.
പോലീസെത്തിയപ്പോൾ നരേൻ പ്രസാദിന്റെ മൃതദേഹം പടിവാതിൽക്കൽ കാണപ്പെട്ടു. അമ്മയും 13വയസുള്ള സഹോദരനും മിർസായും വീട്ടിനുള്ളിലുണ്ടെന്നു പ്രഭു അറിയിച്ചു. തുടർന്നു പോലീസ് പ്രതിയെ കീഴ്പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. ഇതിനകം 13 കാരനെ പ്രതി വിട്ടയച്ചു.
തുടർന്നു കൂടുതൽ പോലീസുകാരെത്തി മുറി വളഞ്ഞു. മുറിക്കുള്ളിൽ കടന്ന പോലീസിന് റയാനയുടെയും സ്വയം വെടിവച്ചു മരിച്ച പ്രതിയുടെയും മൃതദേഹങ്ങളാണു കാണാനായതെന്നു സാൻഹൊസെ പോലീസ് ചീഫ് എഡി ഗാർസ്യാ പറഞ്ഞു.
ഇന്ത്യക്കാർക്ക് എതിരേ യുഎസിൽ അടുത്തകാലത്ത് നിരവധി ആക്രമണങ്ങൾ നടന്നു. കഴിഞ്ഞമാസം ഇന്ത്യാനയിൽ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ഭാര്യക്കു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ന്യൂജേഴ്സിയിൽ മാർച്ചിൽ ഇന്ത്യക്കാരി കുത്തേറ്റു മരിച്ചു.
ഫെബ്രുവരിയിൽ ഇന്ത്യൻ എൻജിനിയർ കുച്ചിബോട്ലയെ കാൻസാസിൽ നാവിക ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത് വംശീയ പ്രേരിത ആക്രമണമായിരുന്നു.