കോട്ടയം: ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിൽ ഇറങ്ങി ജിവനൊടുക്കിയ അധ്യാപകന്റെ സംസ്കാരം നടത്തി. വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു(51)വിനെയാണു കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈക്കത്തുള്ള പഴയ ചുടുകാട്ടിൽ കശുമാവിൽ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് ദളിത് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പോക്സോ ആക്ട് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇദ്ദേഹം പിന്നീട് റിമാൻഡിൽ ആകുകയും ചെയ്തിരുന്നു.
കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയതെന്നു പോലീസ് പറഞ്ഞു. ദിവസങ്ങളോളം ഇദ്ദേഹം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ആദ്യം കുട്ടികൾ പരാതി നൽകിയെങ്കിലും പ്രഥമാധ്യാപകൻ നടപടിയെടുക്കാൻ തയാറായില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈഎസ്പിക്കു കൈമാറി. തുടർന്ന് കേസ് അന്വേഷിച്ച ഇദ്ദേഹം അധ്യാപകനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
അധ്യാപകൻ റിമാൻഡിലായതിനു പിന്നാലെ സ്കൂളിൽ പരാതിക്കാരായ വിദ്യാർഥികൾ എത്തിയില്ല. ഇതോടെയാണ് സംഭവത്തിനു പിന്നിൽ അന്വേഷണം ആരംഭിച്ചത്. അധ്യാപകനെ വ്യാജ പരാതി നൽകി സഹപ്രവർത്തകർ തന്നെ കുടുക്കുകയായിരുന്നു എന്നതായിരുന്നു പിന്നീട് ലഭിച്ച സൂചന.
അധ്യാപകരെ കൂട്ടത്തോടെ തന്നെ ഇവിടെനിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. നരേന്ദ്രബാബുവിനെ കേസിൽ കുടുക്കുകയായിരുന്നു എന്നും ജാമ്യം ലഭിച്ചു വീട്ടിലെത്തിയ ശേഷം ഏറെ മനോവിഷമത്തിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
ഇദ്ദേഹത്തെ കുടുക്കിയവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. നരേന്ദ്രബാബു അവിവാഹിതനാണ്.