1.1 ലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ വേണ്ടാത്തവര്‍ക്ക് കാളവണ്ടിയില്‍ സഞ്ചരിക്കാം! അസൂയയാണ് അവരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്; വിമര്‍ശകരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പറയാനുള്ളത്

ഗുജറാത്തില്‍ ആശങ്കാജനകമായ തിരിച്ചടികളിലൂടെയാണ് ബിജെപി കടന്നുപോവുന്നത്. പ്രതീക്ഷിച്ചത്ര ജനപ്രീതി നേടാന്‍ മോദിയ്ക്കും കൂട്ടര്‍ക്കും സാധിക്കുന്നില്ല. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുന്നു. 1.1 ലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ക്കു കാളവണ്ടിയില്‍ പോകാമെന്നാണ് മോദിയുടെ പരിഹാസം. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിക്കുന്നവരുണ്ട്. വിമര്‍ശകര്‍ കാളവണ്ടിയില്‍ സഞ്ചരിക്കട്ടെ. ആരും തടയില്ല. ബുള്ളറ്റ് ട്രെയിന്‍ തുടങ്ങാന്‍ കോണ്‍ഗ്രസിന് ആദ്യം പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് അവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മോദി പറഞ്ഞു. യുപിഎ ഭരണകാലത്ത് ആഗ്രഹിച്ചിരുന്നെങ്കിലും അവര്‍ക്ക് പദ്ധതി തുടങ്ങാനായില്ല. എന്‍ഡിഎ സര്‍ക്കാര്‍ താരതമ്യേന നിസ്സാരമായ തുകയ്ക്കാണ് ബുള്ളറ്റ് ട്രെയിന്‍ നടപ്പാക്കുന്നത്. ഇത് കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടില്ല. ഒരു നേട്ടവും സ്വന്തമില്ലാതിരിക്കെ, മറ്റുള്ളവര്‍ ചെയ്യുന്നതു കണ്ട് വേദനിക്കുന്നത് എന്തിനാണ്? മോദി ചോദിച്ചു.

 

Related posts