ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോൾ ഭാരതത്തിന്റെ സുവർണ കാലമെത്തിയെന്ന് രാം ലല്ല തന്നോട് പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്റെ സുവര്‍ണകാലമെത്തി’ എന്ന് രാം ലല്ല വിഗ്രഹം തന്നോട് പറയുന്നത് പോലെ തോന്നിയെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോൾ എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിന് ആയിരുന്നു ഇങ്ങനെയൊരു മറുപടി നൽകിയത്.
‘അയോധ്യയിലെത്തിയപ്പോള്‍ ഒരോ അടി മുന്നോട്ടുവയ്ക്കുമ്പോഴും ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണോ അതോ ഒരു സാധാരണ ഇന്ത്യക്കാരനായാണോ ഇവിടെ എത്തിയിരിക്കുന്നത് എന്ന ചിന്ത എന്നില്‍ പിടിമുറുക്കി. രാജ്യത്തെ 140 കോടി ജനങ്ങളെപ്പോലെ വെറും ഒരു സാധാരണ ഭക്തനായാണ് ഞാന്‍ ശ്രീരാമ ക്ഷേത്രത്തിലെത്തിയത്.
ആദ്യമായി രാം ലല്ലയുടെ മുഖം കണ്ടപ്പോള്‍ സ്വയം മറന്നുപോയി. ചുറ്റും നില്ക്കുന്ന ആചാര്യന്മാര് എന്താണ് പറയുന്നത് എന്നുപോലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ആ നിമിഷം രാം ലല്ല എന്നോട് സംസാരിക്കുന്നതായാണ് തോന്നിയത്. ഭാരതത്തിന്റെ സുവര്‍ണ ദിനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യം മുന്നോട്ട് കുതിക്കുകയാണ് എന്ന് രാം ലല്ല പറയുന്നതായി തോന്നി. രാജ്യത്തെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും ആ കണ്ണില്‍ എനിക്ക് കാണാനായി’ എന്നാണ് അയോധ്യ സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.