പാൽഗർ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല തനിക്കെന്നും അത് തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തിന്റെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു.
പ്രതിമ തകർന്നുവീണ സംഭവത്തിൽ ഞാൻ ഇവിടെയെത്തിയ നിമിഷംതന്നെ മാപ്പ് ചോദിക്കുകയാണ്- പാൽഘറിൽ 76,000 കോടി ചെലവിട്ടുള്ള വഡവാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ മോദി പറഞ്ഞു. സിന്ധുദുർഗിൽ പ്രധാനമന്ത്രിതന്നെ അനാഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവജിയുടെ വെങ്കലപ്രതിമ കഴിഞ്ഞദിവസമാണു തകർന്നുവീണത്.
കഴിഞ്ഞ വർഷം ഡിസംബറിൽ നാവികദിനാഘോഷത്തിന്റെ ഭാഗമായാണു പ്രതിമ സ്ഥാപിച്ചത്. സമുദ്രപ്രതിരോധത്തിൽ ശിവജി നൽകിയ സംഭാവനകളെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിമ സ്ഥാപിച്ചത്.
പ്രതിമ തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ചിരുന്നു.അതിനിടെ പ്രതിമയുടെ നിർമാണ കൺസൾട്ടന്റ് ആയ ചേതൻ പാട്ടിലിനെ അറസ്റ്റ്ചെയ്തതായി പോലീസ് അറിയിച്ചു.