കാട്ടാക്കട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കാട്ടാക്കട. കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തകർ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരക്കിലായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ഇവിടെ എത്തി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും അവ വിലയിരുത്തുകയും ചെയ്തു.
ഇപ്പോൾ കാട്ടാക്കട പട്ടണം എസ്പി ജി നിയന്ത്രണത്തിൽ ആയി. കഴിഞ്ഞ മൂന്ന് ദിവസമായി പട്ടണം ഇവരുടെ നിയന്ത്രണത്തിലാണ്. ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രധാനമന്ത്രി കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ സമ്മേളന നഗറിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചക്ക് തലസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പ്രധാനമന്ത്രി കാട്ടാക്കട ചാരുപാറയ്ക്ക് സമീപമുള്ള ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് കാറിൽ സമ്മേളന നഗറിൽ എത്തും. സമ്മേളനത്തിൽ ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ എത്തും.
അരലക്ഷത്തിലേറെ പ്രവർത്തകർ എത്തുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാട്ടാക്കടയിൽ എത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മുൻപു രാജീവ് ഗാന്ധി കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിൽ എത്തുകയും പ്രവർത്തരെ അഭിസംബോധന ചെയ്യുകയും ചെയ്തു. അന്ന് രാജീവ് ഗാന്ധി എത്തിയത് നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ടാണ് .
തൃശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികൾ. വൈകുന്നേരം വയനാടും കോഴിക്കോടും കൊൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഇടതു മുന്നണിക്കായി പ്രകാശ് കാരാട്ടും ഡി.രാജയും ഇന്ന് തിരുവനന്തപുരത്തുണ്ട്.