പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍. ഉച്ചയ്ക്ക് 12ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.
ഡല്‍ഹിയില്‍ നിന്നു വിമാനമാര്‍ഗം തിരുവന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം സ്റ്റേഡിയത്തിലെത്തും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ നിന്ന് അരലക്ഷം പ്രവർത്തകരാണ് പരിപാടിക്കെത്തുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അറിയിച്ചു.
രാവിലെ 11ന് പൊതുയോഗം ആരംഭിക്കും. സ്റ്റേഡിയത്തില്‍ വിശാലമായ വേദിയാണ് പ്രധാനമന്ത്രിയുടെ യോഗത്തിനായി തയാറാക്കിയിരിക്കുന്നത്. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ നഗരത്തിനു പുറത്തായി പാര്‍ക്ക് ചെയ്തശേഷം സ്റ്റേഡിയത്തിലെത്തണം. റിംഗ് റോഡുകളിലും സെന്‍ട്രല്‍ ജംഗ്ഷന് റോഡിലും അടക്കം ഗതാഗത നിയന്ത്രണം ഉണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി ദേശീയ സെക്രട്ടറി കൂടിയായ അനില്‍ ആന്റണി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. സമീപ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
19ന് വീണ്ടും പ്രധാനമന്ത്രി കേരളത്തിലെത്തും. പാലക്കാട് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് പാലക്കാട് ഗവ. സ്കൂൾ പരിസരത്തുനിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ.