ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം അങ്ങേയറ്റം ദുഖകരമാണെന്നും ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി നേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും ഉദ്യോഗസ്ഥരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും നരേന്ദ്രമോദി പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപ വീതവും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചു. ഇതിന് പുറമെ ജീവന് നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരമായി നല്‍കും.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അറുപത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.
നിരവധിപേർ ബോഗികൾക്കിടയിൽ പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. രാവിലെ 8.50 ഓടെയാണ് അപകടം സംഭവിച്ചത്. സിഗ്നല്‍ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിന്‍ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് വിവരം.