കേന്ദ്രത്തിന്റെ പല നടപടികളും മധ്യവര്‍ഗത്തിന് ഭാരമായി വരുന്നതെന്തുകൊണ്ടാണ്? പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം മുട്ടി പ്രധാനമന്ത്രി; ഒടുവില്‍ നന്ദി പറഞ്ഞ് തലയൂരല്‍; വീഡിയോ വൈറല്‍

ബിജെപിയുടെയും പ്രത്യേകിച്ച് നരേന്ദ്രമോദിയുടെയും സമയം അത്രകണ്ട് നല്ലതെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ തൊടുന്നതെല്ലാം പാരയായി പരിണമിക്കുന്നതെങ്ങനെയെന്നാണിപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും മോദി ഭക്തരുമെല്ലാം ഒരുപോലെ ചോദിക്കുന്നത്. ആ ചോദ്യത്തിനുള്ള കാരണമാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായിരിക്കുന്നത്.

ബൂത്ത് ലെവലിലുള്ള ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിനു മുന്നില്‍ പതറി, ഒടുവില്‍ നന്ദി പറഞ്ഞ് മുങ്ങേണ്ടി വന്ന പ്രധാനമന്ത്രിയുടെ അവസ്ഥയാണിപ്പോള്‍ ചര്‍ച്ചാ വിഷയം. ഈ വീഡിയോ പങ്കുവെച്ചതാകട്ടെ ബിജെപിയുടെ ഒഫീഷ്യല്‍ യൂട്യൂബ് അക്കൗണ്ടിലൂടെയും.

നിര്‍മ്മല്‍ കുമാര്‍ ജെയ്ന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ പുതുച്ചേരിയിലെ ബിജെപി പ്രവര്‍ത്തകനാണ് മോദിയെ വലച്ചത്. പ്രധാനമന്ത്രിയോട് താങ്കള്‍ നടപ്പാക്കുന്ന പ്രവര്‍ത്തികള്‍ നല്ലതാണ്, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യവര്‍ഗജനങ്ങളില്‍ നിന്നും ഏതെല്ലാം തരത്തില്‍ നികുതി പിരിക്കാമെന്നതില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നെന്നാണ് ജെയിനിന്റെ വിമര്‍ശനം.

കൂടാതെ, ലോണിനായുള്ള നടപടിക്രമങ്ങളും, ബാങ്ക് ഇടപാട് ഫീസും പിഴയും എല്ലാം നടപ്പിലാക്കി മധ്യവര്‍ഗത്തെ കൂടുതല്‍ വലച്ചിരിക്കുന്നെന്നും ജെയ്ന്‍ പറയുന്നു, താന്‍ ഇപ്പോള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത് ഇക്കൂട്ടര്‍ക്ക് അല്‍പ്പം ആശ്വാസമാണെന്നും പറഞ്ഞാണ് ജെയ്ന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

അതേസമയം, പാര്‍ട്ടിയുടെ അടുത്ത അണിയില്‍ നിന്നു തന്നെ ഇത്തരത്തിലൊരു വിമര്‍ശനം മോദിയും ബിജെപിയും പ്രതീക്ഷിച്ചിരുന്നില്ല. അണികളുമായുള്ള സംവാദം തന്നെ മോദിക്ക് ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്തി പറയാനും പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനുള്ള വകയുണ്ടാക്കി കൊടുക്കാനുമാണ്. എന്നാല്‍ ഈ പ്രവര്‍ത്തകന്റെ വാക്കുകള്‍ ബിജെപിക്ക് കനത്തപ്രഹരമാവുകയായിരുന്നു.

മറുപടിയായി മോദി ‘നിര്‍മ്മല്‍ ജി’ക്ക് നന്ദിയും പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞ് പതിയെ തലയൂരുകയായിരുന്നു. കൂട്ടത്തില്‍, നിങ്ങളൊരു കച്ചവടക്കാരനാണ്. അതുകൊണ്ട് നിങ്ങള്‍ കച്ചവടവുമായി ബന്ധപ്പെട്ട കാര്യമേ ചോദിക്കൂ. സാധാരണക്കാരുടെ കാര്യത്തിനാണ് ഞങ്ങള്‍ ശ്രദ്ധകൊടുക്കുന്നതെന്ന ഒഴിഞ്ഞുമാറുന്ന മറുപടിയും മോദി നല്‍കുകയുണ്ടായി. ഇതേക്കുറിച്ച് പിന്നീടാരും ചോദിക്കാതെ വന്നതോടെ അസ്വസ്ഥത പ്രകടിപ്പിച്ച മോദി, പോണ്ടിച്ചേരിക്ക് നന്ദിയെന്ന് പറഞ്ഞ് എഴുന്നേല്‍ക്കുകയും ചെയ്തു.

 

Related posts