പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വാസവഞ്ചനയും പൊള്ളവാഗ്ദാനങ്ങളും അക്കമിട്ട് നിരത്തി വിഡ്ഢി ദിനത്തില്‍ ടെലഗ്രാഫ് ദിനപത്രം. തിരഞ്ഞെടുപ്പ് പ്രചരണകാലം മുതല്‍ ഇന്ന് വരെയുള്ള മോദി ഭരണത്തില്‍ ജനങ്ങളെ എങ്ങനെയെല്ലാം പ്രധാനമന്ത്രിയും സംഘവും വിഡ്ഢികളാക്കിയെന്ന് അക്കമിട്ട് നിരത്തുകയാണ് ടെലഗ്രാഫ്.
പ്രചരണവേളയില്‍ ഹോളോഗ്രാം സംവിധാനം വഴിയുള്ള പ്രചാരണം മുതല്‍ തുടങ്ങിയതാണ് മോദിയുടെ കബളിപ്പിക്കല്‍. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത വടക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ‘മായ’ ആയാണ് മോദി പ്രചാരണം നടത്തിയത്.
അന്ന് തൊട്ട് ലോക്സഭാ തിരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന ഈ അവസരത്തില്‍ വരെ തന്റെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്കായിട്ടില്ല. 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി നല്‍കിയ ഒരു കോടി തൊഴിലവസരങ്ങളില്‍ നിന്ന് തുടങ്ങുന്നു വിഡ്ഢികളാക്കിയതിന്റെ ടൈംലൈന്‍. ‘ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ഷവും ഒരു കോടി തൊഴിലവസരങ്ങള്‍ വീതം സൃഷ്ടിക്കും’. 2013 നവംബറില്‍ ആഗ്രയില്‍ നടന്ന റാലിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി പറഞ്ഞതിങ്ങനെയായിരുന്നു.
സംഭവിച്ചതാകട്ടെ രാജ്യത്തെ നിലവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമായി തൊഴിലില്ലായ്മ. ഇതിന് പുറമേ മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ലക്ഷകണക്കിന് തൊഴിലാളികളെ ജോലി ഇല്ലാത്തവരാക്കി മാറ്റുകയും ചെയ്തു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ 2013-14 ല്‍ 4.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2018 ആയപ്പോഴെക്കും 7.1ശതമാനമായി വര്‍ദ്ധിച്ചു.
തൊഴിലില്ലായ്മ കുറഞ്ഞില്ല എന്ന് മാത്രമല്ല, ഉണ്ടായിരുന്ന ജോലി കൂടി ഇല്ലാതായി എന്ന് സാരം. 300ലക്ഷത്തിലധികം ഇന്ത്യാക്കാര്‍ക്കാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങളുടെ മേല്‍ 50ശതമാനത്തിലധികം ലാഭം നേടി കൊടുക്കുമെന്നായിരുന്നു മറ്റൊരുറപ്പ്. മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്ന അടിസ്ഥാനത്തിലായിരുന്നു ഈ ഉറപ്പ്. എന്നാല്‍ അധികാരത്തിലെത്തിയ ഉടന്‍ എന്‍ഡിഎ സര്‍ക്കാര്‍ ദേശീയ കാര്‍ഷിക കമ്മീഷന്റെ ഈ അടിസ്ഥാന നിരക്ക് പ്രയോഗികമല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയാണുണ്ടായത്.
ഇതിനിടയില്‍ തന്നെ ഏറെ പേര്‍ക്ക് തൊഴിലും വേതനവും നല്‍കിവന്നിരുന്ന മുന്‍സര്‍ക്കാരിന്റെ പദ്ധതികൂടിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു.
എന്നാല്‍ ജനപ്രതിഷേധത്തെ തുടര്‍ന്ന് ഈ അജന്‍ഡ നടപ്പിലാക്കാനായില്ല. കടം കേറിയുള്ള കര്‍ഷക ആത്മഹത്യയും നഷ്ടവും അവസാനം മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചില്‍ വരെ കൊണ്ടെത്തിച്ചു കാര്യങ്ങള്‍. കര്‍ഷകരുടെ അത്മഹത്യ സ്വകാര്യവിഷയങ്ങള്‍ മൂലമാണെന്നാണ് ബിജെപിയുടേയും അമിത്ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടേയും കണ്ടെത്തല്‍. കടം വാങ്ങിയ കൃഷിയിറക്കി വിപണിയില്‍ നഷ്ടം നേരിടേണ്ടി വന്നതാണ് ഇവരുടെ സ്വകാര്യവിഷയം എന്ന് തുറന്ന് സമ്മതിക്കാന്‍ പാര്‍ട്ടി ഇന്നും തയ്യാറല്ല.
അഴിമതി വിരുദ്ധ സുതാര്യമായ സര്‍ക്കാര്‍ എന്നതായിരുന്നു ബിജെപിയുടെ മറ്റൊരു വാഗ്ദാനം എങ്കില്‍ അടിത്തട്ട് മുതല്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി നില്‍ക്കുകയാണ് പാര്‍ട്ടി. ഭരണത്തിലും പൊതുകാര്യങ്ങളിലും സ്വകാര്യത ഉറപ്പ് നല്‍കിയിരുന്ന പ്രകടനപത്രികയ്ക്ക് ഘടകവിരുദ്ധമായി നരേന്ദ്രമോദി എന്ന ഒറ്റയാളിലേക്ക് രാജ്യത്തിന്റെ ഭരണം ഒതുങ്ങുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയെ വീക്ഷിക്കുന്ന ലോകസമൂഹം കാണുന്നത്. പരമോന്നത കോടതിയെ വരെ കാവിവത്കരിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നു.
ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തന്നെ കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്ത് വരുന്നു. ആഗോളസമൂഹത്തിന് മുന്നില്‍ ഇന്ത്യയെന്ന രാജ്യത്തെ കുത്തഴിഞ്ഞ രാഷ്ട്രമാക്കി മാറ്റാന്‍ മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് കഴിഞ്ഞു.
അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിക്ക് നല്‍കിയ വഴിവിട്ട സഹായം, കോടികള്‍ ബാങ്കുകളില്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ പ്രമുഖര്‍, തുക്ലഖ് പരിഷ്‌കാരങ്ങള്‍ എന്നിവയുടെ പരിണിത ഫലം ഇനിയും അനുഭവിക്കാന്‍ ബാക്കിയാണ്.
പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയുടെ ആദ്യപ്രസംഗത്തിലെ സ്വപ്നവാഗ്ദാനമായിരുന്നു ഒരൊറ്റ ഭാരതം എന്നത്. എന്നാല്‍ നാല് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ സംഘപരിവാറിന്റെ മാത്രം ഭാരതം എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രാജ്യത്ത് അരക്ഷിതാവസ്ഥ നടമാടുകയാണ്.
സംഘപരിവാര്‍ ആശയങ്ങളെ അംഗീകരിക്കാത്തവരും മറ്റ് മതസ്ഥരും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്ന് നിലപാടിലാണ് എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍, സദാചാര പോലീസിംഗിന്റെ പേരില്‍ ദളിതന്‍ ശബ്ദമുയര്‍ത്തുന്നതിന്റെ പേരില്‍, മതം മാറ്റത്തിന്റെ പേരില്‍ സംഘപരിവാറുകാരനല്ലാത്ത ഓരോ ഇന്ത്യാക്കാരനും ആക്രമണത്തിന്റെ മുനയിലാണ്.
ഇതിന് പുറമേയാണ് രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ കൂടി കാവിവത്കരിക്കാന്‍ ചരിത്രത്തെ വരെ മാറ്റിയെഴുതുന്നതിനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപത്ത് സംഘശക്തികളെ പ്രതിഷ്ഠിക്കുന്നതിനുമുള്ള നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്- ടെലഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു.