തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഖ ജീവിതം ജനങ്ങൾക്ക് സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേൽപ്പിച്ച് താൻ മടങ്ങുമെന്നും മോദി പറഞ്ഞു. പാട്ന സാഹിബ് ഗുരുദ്വാരയിൽ ദർശനം നടത്തിയ ശേഷം സമൂഹ അടുക്കളയിൽ മോദി ഭക്ഷണം പാകം ചെയ്ത് സേവയിലും പങ്കാളിയായി.
തന്റെ അനന്തരാവകാശികൾ ജനങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പത്ത് വർഷത്തിനിടയിൽ പിടിച്ചെടുത്ത കള്ളപ്പണം 70 ട്രക്ക് നിറയ്ക്കാനുള്ളതുണ്ടെന്നും പറഞ്ഞു. മോദിയുടെ കുടുംബം, പ്രധാനമന്ത്രി പദവിയിൽ മോദിയുടെ പിൻഗാമി, പ്രതിപക്ഷം തുടങ്ങിവച്ച ഈ ചർച്ചകൾക്കിടെയാണ് ബിഹാറിലെ ഹാജിപുരിൽ നടന്ന റാലിയിൽ വൈകാരികമായി നരേന്ദ്ര മോദി സംസാരിച്ചത്.
ഹാജിപുരിലെ എൻഡിഎ സ്ഥാനാർഥി ചിരാഗ് പസ്വാനെ കുറിച്ചും ചിരാഗിന്റെ പിതാവും മുൻകേന്ദ്രമന്ത്രിയുമായ റാം വിലാസ് പസ്വാനെക്കുറിച്ചും വൈകാരികമായാണ് മോദി സംസാരിച്ചത്.
കോൺഗ്രസ് രാജ്യം ഭരിച്ചിരുന്ന പത്ത് വർഷത്തിനിടെ 35 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. എന്നാൽ തന്റെ പത്ത് വർഷത്തിൽ 2,200 കോടി രൂപ, അതായത് എഴുപത് ട്രക്കുകളിൽ നിറയ്ക്കാവുന്ന അത്രയും പണം പിടിച്ചെടുത്തതായും മോദി വ്യക്തമാക്കി.
രാവിലെ പട്ന സാഹിബ് ഗുരുദ്വാരയില്‍ ദര്‍ശനം നടത്തിയ മോദി ലംഗാറില്‍ ഭക്ഷണം പാചകം ചെയ്യുകയും വിളമ്പുകയും ചെയ്തു. തീര്‍ഥാടകര്‍ക്കൊപ്പം സമയം ചെലവഴിച്ചു.