പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സഞ്ചാര പ്രിയനാണെന്ന് പൊതുവേ സംസാരമുണ്ട്. നാലു വര്‍ഷത്തെ രാജ്യ തലവനെന്ന നിലയില്‍ അദ്ദേഹം ഇതുവരെ സഞ്ചരിക്കാത്ത രാജ്യങ്ങളും കുറവാണെന്നാണ് വിലയിരുത്തല്‍. ഇപ്പോഴിതാ, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിവന്ന സിംഗപ്പൂര്‍ പര്യടനത്തില്‍ ഒരു പ്രത്യേക നേട്ടം നരേന്ദ്രമോദി സ്വന്തമാക്കിയിരിക്കുന്നു.
സിംഗപ്പൂര്‍ നാഷണല്‍ ഓര്‍ക്കിഡ് ഗാര്‍ഡനിലെ ഒരു പ്രത്യേക വിഭാഗം ഓര്‍ക്കിഡിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയിരിക്കുന്നു എന്നതാണ് ആ പ്രത്യേക നേട്ടം. മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ‘ഡെന്‍ഡ്രോബിയം നരേന്ദ്ര മോദി’ എന്ന് നാമകരണം ചെയ്തത്. സിംഗപ്പൂരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അത്.
സിംഗപ്പൂര്‍ സര്‍ക്കാരും, നരേന്ദ്ര മോദിയുടെ ഓഫീസും ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടിട്ടുണ്ട്. പര്‍വ്വത മേഖലയില്‍ വളരുന്ന അപൂര്‍വ്വ തരം ഓര്‍ക്കിഡാണ് ഇത്. 38 സെമീ വരെ നീളം വെയ്ക്കുന്ന തണ്ടില്‍ 14മുതല്‍ 20 വരെ പുഷ്പങ്ങള്‍ വളരെ മനോഹരമായി ഒരേ നിരയില്‍ വളര്‍ന്നു നില്‍ക്കും.
ചുവപ്പു കലര്‍ന്ന തവിട്ടു നിറമാണ് പുഷ്പത്തിന്. ഉള്ളില്‍ കടും നിറത്തിലുള്ള വരകളും അരികുകളില്‍ കടും പര്‍പ്പിള്‍ നിറവും ചേര്‍ന്ന് ഏറെ മനോഹരമാണ് പുഷ്പം.