ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് കർഷകക്ഷേമ പദ്ധതിയായ “പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലിൽ.
സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റ ശേഷമാണ് മോദി ഫയലിൽ ഒപ്പിട്ടത്. കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഫയലിലാണ് അദ്ദേഹം ഒപ്പുവച്ചത്.
ഏകദേശം 20,000 കോടി രൂപയാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 9.3 കോടി കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട് പ്രയോജനം ലഭിക്കും.
2019ലെ രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് കിസാൻ സമ്മാൻ നിധിയ്ക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. പ്രതിവർഷം 6,000 രൂപയാണ് ഇതിലൂടെ കർഷകർക്ക് ലഭിക്കുക.