ന്യൂഡൽഹി: സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ ഇരകൾക്കു വേഗത്തിൽ നീതി ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ നിരവധി നിയമങ്ങളുണ്ടെന്നും വേഗത്തിൽ നീതി സാധ്യമാക്കുന്നതിനായി ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജില്ലാ കോടതികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ സുപ്രീംകോടതിയുടെ 75-ാം വാർഷിക സ്മരണികയും സ്റ്റാന്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ വേഗത്തിൽ നീതി ഉറപ്പാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലെ പകുതി ജനങ്ങൾക്കും അവരുടെ സുരക്ഷിതത്വത്തിൽ വിശ്വാസ്യത കൈവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2019ൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിന്യായ വ്യവസ്ഥ ഭരണഘടനയുടെ കാവൽക്കാരാണെന്നും സുപ്രീംകോടതിയും ജുഡീഷറിയും അവരുടെ കർത്തവ്യം കൃത്യമായി നിറവേറ്റുന്നുണ്ടെന്നും മോദി പറഞ്ഞു.