ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നു രാത്രി 7.15ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ എൻഡിഎ സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു വിവരം. ബിജെപിയിൽനിന്ന് രാജ്നാഥ് സിംഗ്, അമിത്ഷാ, നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കഴിവ് തെളിയിച്ചവർ, ഭിന്നലിംഗക്കാർ, ശുചീകരണത്തൊഴിലാളികൾ, സെൻട്രൽ വിസ്താര പദ്ധതിയിലെ തൊഴിലാളികൾ എന്നിവർക്കും ക്ഷണമുണ്ട്. ഇതിനിടെ, പ്രതിപക്ഷ പാർട്ടികൾക്ക് ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടില്ല.
ചടങ്ങിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഇന്ത്യ മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തൃണമൂൽ കോണ്ഗ്രസ് പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, സീഷെൽസ് ഉപരാഷ്ട്രപതി അഹമ്മദ് അഫീഫ് എന്നിവർ ഡൽഹിയിലെത്തി. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമെസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ (പ്രചണ്ഡ) എന്നിവർ ഇന്നെത്തും.
സെബിൻ ജോസഫ്