കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ പഴുതടച്ച സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിക്ക് വധഭീക്ഷണി ഉണ്ടായ സാഹചര്യത്തിലും സുരക്ഷാ പ്രോട്ടോക്കോള്‍ ചോര്‍ന്ന പശ്ചാത്തലത്തിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിരിക്കുന്നത്.
സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ആറ് എസ്പിമാര്‍ക്കാണ് സുരക്ഷ ചുമതല. 26 ഡിവൈഎസ്പിമാരെ വിവിധ മേഖലകളില്‍ ഏകോപനത്തിനായി നിയോഗിച്ചു.
2060 പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിലാകെ മോദിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം മികച്ച സുരക്ഷാ ഏജന്‍സിയായ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) മേല്‍നോട്ടവും ഉണ്ടാകും.
പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും പങ്കെടുക്കുന്ന പരിപാടികളുടെ നിയന്ത്രണവും ഇന്നലെ ഉച്ചയോടെ എസ്പിജി ഏറ്റെടുത്തു. ഐജി സുരേഷ് രാജ് പുരോഹിത് കേരളത്തില്‍ എത്തിട്ടുണ്ട്.
സ്ഥിതിഗതികള്‍ എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ നേരിട്ടാണ് വിലയിരുത്തുന്നത്. ഇതോടൊപ്പം ഡിജിപി അനില്‍കാന്തും സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് യോഗം ചേര്‍ന്ന് കൊച്ചിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും.
പ്രധാനമന്ത്രി വന്നിറങ്ങുന്ന നേവല്‍ ബേസിലും യുവം പരിപാടി നടക്കുന്ന തേവര സേക്രഡ് ഹാര്‍ട്ട് കോളജിലേക്കുള്ള വഴിയരികുകളിലും ആളുകള്‍ കൂട്ടമായി നില്ക്കാന് അനുവദിക്കില്ല.
പൊതുജന ബാഹുല്യം കണക്കിലെടുത്ത് റോഡ് ഷോയുടെ ദൈര്‍ഘ്യം 1.2 കിലോമീറ്ററില്‍നിന്ന് 1.8 കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. തേവര ജംഗ്ഷനില്‍നിന്ന് എസ്എച്ച് ഗ്രൗണ്ട് കോളജ് ഗ്രൗണ്ട് വരെയായിരുന്നു നേരത്തെ റോഡ് ഷോ നിശ്ചയിച്ചിരുന്നു.
ഇപ്പോഴത് വെണ്ടുരുത്തിയില്‍നിന്ന് തുടങ്ങും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സിസിടിവി കാമറയടക്കം സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
യുവം പരിപാടിയിലും റോഡ് ഷോയിലും പങ്കെടുക്കുന്നവരെ പ്ലാസ്റ്റിക് ബോട്ടിലുകളുമായോ, ബാഗുകളുമായോ, ഭക്ഷണ വസ്തുക്കളോ കൈയില്‍ കരുതാന്‍ അനുവദിക്കില്ല. യുവം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമേ അകത്ത് കൊണ്ടുപോകാനാവൂ.
വേദിക്ക് പുറത്ത് പോലീസിന്റെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാകും തെരഞ്ഞെടുക്കപ്പെട്ടവരെ അകത്തേക്ക് പ്രവേശിപ്പിക്കുക. മെറ്റല്‍ ഡിറ്റക്ടര്‍, അത്യാധുനിക കാമറകള്‍ എന്നിവ ഉപയോഗിച്ചാകും പരിശോധന.