അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയ നവംബര്‍ എട്ടിന് രാജ്യവ്യാപക പ്രതിഷേധം നടത്താനിരിക്കുന്ന കോണ്‍ഗ്രസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. തന്റെ കോലം കത്തിക്കുന്നതില്‍ ഭയമില്ല. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനൊക്കെ പുറമേ, നോട്ട് അസാധുവാക്കല്‍ നടപ്പാക്കാതിരുന്നതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വേണ്ട സമയത്ത് ഇന്ദിരാഗാന്ധി നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഭാരിച്ചജോലി തനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യശ്വന്ത്റാവു ചവാന് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ ഉണ്ടായിട്ടും നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ ഇന്ദിര തയ്യാറായില്ല.
രാജ്യ താത്പര്യത്തെക്കാളും സ്വന്തം പാര്‍ട്ടിയുടെ താത്പര്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയുടെ താത്പര്യമാണ് വലുത്. കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ അവിഭാജ്യമായ ബന്ധമാണുള്ളത്. വൃക്ഷവും വേരും തമ്മിലുള്ള ബന്ധമാണത്. അഴിമതിയാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അഴിമതിക്കേസുകള്‍ നേരിടുന്നവരാണ് നിരവധി കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന് റദ്ദാക്കിയ 35000 കമ്പനികള്‍ നോട്ട് അസാധുവാക്കലിന് ശേഷം നിക്ഷേപിച്ചത് 17,000 കോടി രൂപ. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശം. കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന നിലയില്‍ 2.24 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. 3.09 കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കിയിരുന്നു.
കമ്പനികള്‍ ഇനി ഡമ്മി ഡയറക്ടര്‍മാരെ നിയമിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും ഡയറക്ടര്‍ബോര്‍ഡിലെ അംഗത്വത്തിന് വ്യക്തിവിവരങ്ങള്‍ക്കൊപ്പം പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നോട്ട് അസാധുവാക്കലിനു മുമ്പ് അക്കൗണ്ടില്‍ പണമില്ലാതിരുന്ന ഒരു കമ്പനി നോട്ട് അസാധുവാക്കിയ 2016 നവംബര്‍ എട്ടിനുശേഷം 2484 കോടി നിക്ഷേപിച്ചതായി കണ്ടെത്തിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യപനം നടത്തിയത്. കള്ളപ്പണവും അഴിമതിയും തീവ്രവാദവും തുടച്ചുനീക്കുന്നതിനായാണ് നോട്ട് അസാധുവാക്കല്‍ എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.