ജയ്പുർ: ഇന്ത്യയിൽ ഇപ്പോഴും രാജാക്കന്മാർക്കും രാജകുടുംബാംഗങ്ങൾക്കും ഏറ്റവുമധികം സ്വാധീനമുള്ള രണ്ടു സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും. ഇരു സംസ്ഥാനങ്ങളിലും ഇത്തവണയും തെരഞ്ഞെടുപ്പിൽ കണ്ടത് രാജകീയ കുടുംബങ്ങളുടെ സ്വാധീനം തന്നെ. ജയ്പുർ രാജകുടുംബത്തിന്റെയും ഗ്വാളിയോർ രാജകുടുംബത്തിന്റെയും പിന്തുണ ബിജെപിക്കുണ്ടായിരുന്നു.
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന രണ്ടു പേരുകൾ ഗ്വാളിയോർ രാജകുടുംബം വസുന്ധര രാജയുടെയും ജയ്പുർ രാജകുടുംബാംഗം ദിയാകുമാരിയുടേയുമാണ്.
ഇരുവരും ഉജ്ജ്വല വിജയമാണ് നേടിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന വസുന്ധരയോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അത്ര പ്രീതിയുണ്ടായിരുന്നില്ല. വസുന്ധരയെ ഇത്തവണ മത്സരിപ്പിക്കാൻതന്നെ ബിജെപിക്കു പദ്ധതിയുണ്ടായിരുന്നില്ല എന്നതാണ് നേര്.
ആദ്യലിസ്റ്റുകളിൽ നിന്നു ബിജെപി വസുന്ധരയെ ഒഴിവാക്കിയിരുന്നു. ഇത്തവണ അവർ മത്സരരംഗത്ത് ഉണ്ടായിരിക്കില്ല എന്നുവരെ പ്രവചനമുണ്ടായി. പക്ഷേ വസുന്ധര ഇടഞ്ഞാൽ രാജസ്ഥാനിൽ തോൽവി ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ബിജെപി കേന്ദ്ര നേതൃത്വം അവരെ അവസാന ലിസ്റ്റിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.
തന്നെയുമല്ല അവരുടെ അനുയായികൾക്കും ബിജെപി സീറ്റ് നൽകി വസുന്ധരയ്ക്കു മുന്നിൽ മുട്ടുമടക്കി. ഒരു തവണ കൂടി മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം അവർ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ജയ്പുർ രാജകുമാരി ദിയാകുമാരി ആകട്ടെ മുന്പ് പലതവണ എംപിയാവുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരായി നിന്നിട്ടുപോലും ഭൂരിപക്ഷത്തിൽ ലോക റിക്കാർഡിടുകയും ചെയ്ത ഗായത്രീദേവിയുടെ പിൻതലമുറക്കാരിയുമാണ്. ഇരു കുടുംബംഗങ്ങൾക്കും ഇപ്പോഴും രാജസ്ഥാനിൽ വ്യക്തമായ സ്വാധീനമുണ്ട്.
1962, 1967, 1971ലെ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിച്ചിട്ടുപോലും ദിയയുടെ മുൻഗാമി ഗായത്രീദേവി വന്പൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിലംപരിശാക്കിയത്. ഇന്ദിരയുടെ കടുത്ത എതിരാളിയുമായിരുന്നു ഗായത്രിദേവി. അതുകൊണ്ടു തന്നെ ദിയാകുമാരിയോട് ബിജെപിക്ക് പ്രത്യേക താത്പര്യവുമുണ്ട്.
മധ്യപ്രദേശിൽ ഗ്വാളിയോർ രാജകുടുംബത്തിലെ അംഗവും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകനുമായ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്ന നേതാവാണ്. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ബിജെപി നേതൃത്വത്തിന് അത്ര താത്പര്യമില്ല എന്നാണ് കേൾക്കുന്നത്.
കോൺഗ്രസ് ഭരണത്തിലിരുന്ന മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മറിച്ചിട്ട് 2021ൽ 21 എംഎൽഎമാരുമായി കോൺഗ്രസിൽ നിന്നു മറുകണ്ടം ചാടി ബിജെപിയിൽ എത്തിയതാണ് സിന്ധ്യ. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞു കേൾക്കുന്ന വസുന്ധരെ രാജ, ജോതിരാദിത്യയുടെ അച്ഛന്റെ പെങ്ങളുമാണ്. എന്നാൽ മധ്യപ്രദേശിൽ ശിവരാജ് സിംഗിനെതന്നെ ഒരു തവണ കൂടി മുഖ്യമന്ത്രിയാക്കിയേക്കും.
കേന്ദ്ര വ്യോമയാന മന്ത്രിയായ സിന്ധ്യ ആ സ്ഥാനത്തിൽ തൃപ്തനായതിനാൽ ബിജെപി നേതൃത്വം തീരുമാനിക്കുന്ന ആൾ തന്നെയാവും മധ്യപ്രദേശ് മുഖ്യമന്ത്രി.
എന്നാൽ രാജസ്ഥാനിൽ യുപിമോഡൽ സന്ന്യാസിയെ മുഖ്യമന്ത്രിയാക്കാനും ബിജെപി ശ്രമിക്കുന്നുണ്ടത്രേ. ബാബാ ബാലക് നാഥ് എന്ന ചെറുപ്പക്കാരനായ സന്ന്യാസി വര്യൻ ആയിരിക്കും വസുന്ധര അല്ലെങ്കിൽ മുഖ്യമന്ത്രിയാവുക. ലോക്സഭാ എംപിയായിരുന്ന ബാബ ബാലക് നാഥിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തിന്റെ ഫലമാണെന്നും കേട്ടിരുന്നു. കിരോഡി ലാൽ മീണയുടെ പേരും രാജസ്ഥാനിൽ ഉയർന്നു കേൾക്കുന്നുണ്ട്.
രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രിമാരായാൽ അത് രാജവാഴ്ചയാണെന്ന ആക്ഷേപമുയരാം. കോൺഗ്രസിൽ കുടുംബവാഴ്ചയെന്ന് ആരോപണം ഉന്നയിക്കുന്ന ബിജെപി അതാഗ്രഹിക്കുന്നില്ലെന്നാണ് നിലവിലെ സൂചനകൾ.