തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് രാവിലെ 11.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു.
ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്പെഷല്‍ സര്‍വീസില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തത്.
രാവിലെ 10.30ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശശി തരൂര്‍ എംപിയും ചേര്‍ന്ന് സ്വീകരിച്ചു.
തമ്പാനൂരിലേക്കുള്ള യാത്രയില്‍ ശംഖുമുഖത്ത് കുറച്ചു നേരം പ്രധാനമന്ത്രി കാറിന്റെ ഡോര്‍ തുറന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇവിടെ കുറച്ചു നേരം റോഡ് ഷോയ്ക്ക് സമാനമായി പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു.
തന്പാനൂരിലെത്തിയ പ്രധാനമന്ത്രി ഉദ്ഘാടനത്തിനു മുന്‍പായി കുട്ടികളുമായി സംവദിച്ചു.
വന്ദേഭാരത് ഉദ്ഘാടനത്തിനുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റെയില്‍വേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
റെയില്‍വേയുമായി ബന്ധപ്പെട്ട് കോടികളുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനം, ദക്ഷിണ റെയില്‍വെയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം(തിരുവനന്തപുരം സെന്‍ട്രല്‍ പ്രധാന ടെര്‍മിനലായും കൊച്ചുവേളിയും നേമവും ഉപ ടെര്‍മിനലായും വികസിപ്പിക്കുന്ന പദ്ധതി), തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി, നേമം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷനുകള്‍ ലോക നിലവാരത്തിലാക്കുന്ന പദ്ധതി ഉദ്ഘാടനം എന്നിവ നിര്‍വഹിച്ചു.
വിമാനത്താവള മാതൃകയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് വികസിപ്പിക്കാന്‍ 496 കോടിരൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. വര്‍ക്കല ശിവഗിരി സ്റ്റേഷനില്‍ നടപ്പാക്കുന്നത് 170 കോടി രൂപയുടെ പുനര്‍നവീകരണമാണ്.
നാല് പുതിയ ട്രാക്കുകള്‍ ഉള്‍പ്പെടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 473 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഷോര്‍ണൂര്‍ സെക്ഷനിലെ ട്രെയിന്‍ വേഗം 110 കിലോ മീറ്ററാക്കുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
എട്ടു സ്റ്റോപ്പുകളാണ് വന്ദേഭാരത് എക്സ്പ്രസിനുള്ളത്. എട്ട് മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരുന്ന തരത്തിലാണ് വന്ദേഭാരതത്തിന്റെ സര്‍വീസുകള്‍. ഫ്ലാഗ് ഓഫിനെ തുടര്‍ന്ന് കാസര്‍ഗോഡേക്കുള്ള വന്ദേ ഭാരതിന്റെ യാത്ര ആരംഭിച്ചു.
പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശേരി, പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ക്കൂടി ഉദ്ഘാടന സ്പെഷല്‍ നിര്‍ത്തും.
പതിവു സര്‍വീസ് 26 ന് കാസര്‍ഗോഡ് നിന്നും 28 ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. പ്രധാനമന്ത്രിയെത്തുന്നതിന്റെ ഭാഗമായി തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും 11 മണി വരെയുള്ള ബസുകള്‍ റദ്ദാക്കി.
കെഎസ്ആര്‍ടിസി കോംപ്ലക്സിലെ കടകളും ഓഫീസുകളും 11 മണി വരെ അടപ്പിച്ചു. ഇന്നലെ മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നിരുന്നു. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ വാട്ടര്‍ മെട്രോയാണ് കൊച്ചിയിലേത്. ആദ്യഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക. ബോട്ടുകളില്‍ നൂറുപേര്‍ക്ക് സഞ്ചരിക്കാം.
ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാണ് ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. ഉയര്‍ന്ന നിരക്ക് 40 രൂപയാണ്. മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്.
കൊച്ചിന് ഷിപ്യാര്ഡില് നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്.
വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. ബാറ്ററി നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനുട്ട് സമയം മാത്രം മതിയാകും. ഇതിലൂടെ ഒരു മണിക്കൂര്‍ ബോട്ട് ഓടിക്കാനാകും .