ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
ഇന്ന് രാവിലെയാണ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്.
ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.
മേഖലയിൽ കനത്ത മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടെന്ന് ഇടിച്ചിറക്കാൻ കാരണം.