മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിന് ലോക്സഭ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രവചനം.
2023ലും പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും എന്നായിരുന്നു 2019ല്‍ ലോക്സഭയില്‍ മോദി നടത്തിയ പ്രസംഗം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
2109ലെ ബജറ്റ് സെഷനിലെ ചര്‍ച്ചയ്ക്കിടെയുള്ള മോദിയുടെ പ്രസ്താവനയാണ് വൈറലായത്.
തൊട്ടുമുന്‍പത്തെ വര്‍ഷം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ഫലമായി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായെന്നും അടുത്തത് 2023ല്‍ അവതരിപ്പിക്കണമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറയുന്നുണ്ട്.
‘ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, നന്നായി തയാറെടുക്കൂ. 2023ലെങ്കിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും’ – മോദി പറഞ്ഞു.
സേവന മനോഭാവത്തിന്റെ ഫലമായാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം അഹങ്കാരത്തിന്റെ ഫലമായാണ് നിങ്ങളുടെ അംഗസംഖ്യ 400ല്‍ നിന്ന് 40ലേക്ക് താഴ്ന്നതെന്നും മോദി പേരു പരാമര്‍ശിക്കാതെ കോണ്‍ഗ്രസിനെ പരിഹസിക്കുന്നുണ്ട്.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയാണ് 2018ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ അനുകൂലിച്ചെങ്കിലും എന്‍ഡിഎ സഖ്യം പ്രമേയത്തെ അതിജീവിച്ചു.
ഇത്തവണ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യ്ക്ക് വേണ്ടി കോണ്‍ഗ്രസും സഖ്യത്തിലില്ലാത്ത ഭാരത് രാഷ്ട്ര സമിതിയും വെവ്വേറെ അവിശ്വാസ പ്രമേയ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.