ന്യൂഡൽഹി: അദാനി വിഷയം ഉയര്‍ത്തി നരേന്ദ്രമോദിക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുല്‍ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറാൻ എത്ര ടെംപോ നിറയെ പണം ലഭിച്ചുവെന്നു രാഹുല്‍ ചോദിച്ചു. യുപിയിലെ ലക്നൗ വിമാനത്താവളത്തിലൂടെ നടന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശന വിധേയമാക്കുന്നത്.
രാഹുലിപ്പോള്‍ അദാനിയെയും അംബാനിയെയും കുറിച്ച് പറയാത്തത് ടെംപോയില്‍ പണം കിട്ടിയത് കൊണ്ടാണെന്ന മോദിയുടെ പരാമർശമാണ് രാഹുലിന്റെ വിമർശനത്തിന് പിന്നില്‍.
ഈ പരാമർശം മോദിക്കെതിരേതന്നെ തിരിച്ചുവിടുകയാണ് രാഹുൽ. ഇതോടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള അദാനി-അംബാനി വാക്പോര് പുതിയ തലത്തിലേക്കു കടന്നു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മോദിയുടെ മറുപടി കാത്തിരിക്കുകയാണു കോൺഗ്രസ്.