ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ 15 ദിവസം രാജ്യത്തു സംഭവിച്ച ആക്ഷേപകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി.
പത്തു കാര്യങ്ങളാണു പ്രതിപക്ഷനേതൃസ്ഥാനം വഹിക്കുന്ന രാഹുൽ ഉന്നയിച്ചത്. രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നു മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ല. മാനസികമായി പ്രതിരോധത്തിലായ മോദി, സർക്കാരിനെ സംരക്ഷിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ ട്രെയിൻ അപകടം, കാഷ്മീരിലെ ഭീകരാക്രമണങ്ങൾ, ട്രെയിനുകളിലെ യാത്രക്കാരുടെ ദുരവസ്ഥ, നീറ്റ് അഴിമതി, നീറ്റ് പിജി പരീക്ഷ റദ്ദാക്കൽ, യുജിസി നെറ്റ് ചോദ്യ പേപ്പർ ചോർച്ച, വിലക്കയറ്റം, കാട്ടുതീ, ജല പ്രതിസന്ധി, ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തെ നേരിടാനുള്ള ക്രമീകരണങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങൾ എന്നിവയാണ് രാഹുൽ സർക്കാരിനെതിരേ അക്കമിട്ടു നിരത്തിയത്.