തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്താൻ ഇനി രണ്ടു നാൾ. നഗരത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. തൃശൂർ നഗരത്തിന്റെയും പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാസമ്മേളനത്തിന്റെ വേദിയായ തേക്കിൻകാട് മൈതാനത്തിന്റെയും സുരക്ഷക്രമീകരണങ്ങൾ കേന്ദ്രസുരക്ഷ സേന ഏറ്റെടുത്തു കഴിഞ്ഞു. തേക്കിൻകാട് മൈതാനത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.
മൂന്നാം തിയതി വൈകീട്ട് മൂന്നേകാലോടെ നരേന്ദ്രമോദി കുട്ടനെല്ലൂർ ഹെലിപാഡിലെത്തും. അവിടെ നിന്ന് റോഡ് മാർഗം 3.20ഓടെ തൃശൂർ നഗരത്തിലേക്കുമെത്തും. ജനറൽ ആശുപത്രിക്കു മുന്നിൽ നിന്ന് മൂന്നരയോടെ റോഡ് ഷോ ആരംഭിക്കും. ജനറൽ ആശുപത്രിക്കു മുന്നിൽ നിന്ന് നായ്ക്കനാൽ വരെയാണ് റോഡ് ഷോ. റോഡ് ഷോയിൽ പ്രധാനമന്ത്രി കാൽനടയായാണ് പങ്കെടുക്കുകയെന്നാണ് വിവരം. നാലേകാലോടെ പ്രധാനമന്ത്രി തേക്കിൻകാട് മൈതാനിയിലെ വേദിയിലെത്തും.