തൃശൂർ: പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൽ ആണുങ്ങൾക്ക് റോൾ കുറവ്. വേദിയിലും സദസിലും വിവിഐപികൾ വനിതകൾ തന്നെയാണ്. ബിജെപിയുടെ വനിതാ നേതാക്കളും പ്രവർത്തകരുമടങ്ങുന്ന വലിയൊരു നിര തന്നെ സമ്മേളനത്തിനെത്തുന്പോൾ വിവിഐപി പട്ടികയിൽ ചലച്ചിത്രനടി ശോഭന, പി.ടി.ഉഷ, മിന്നുമണി, മറിയക്കുട്ടി തുടങ്ങിയവരുമുണ്ടാകും.
മഹിളകൾക്ക് മുഖ്യപ്രാധാന്യം നൽകുന്ന സമ്മേളനവേദിയിൽ പുരുഷസാന്നിധ്യമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ്ഗോപി എന്നിവരടക്കമുള്ള വളരെ പ്രധാനപ്പെട്ടവർ മാത്രമാണുണ്ടാവുക. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകൾക്കായി സമ്മേളനനഗരിയിലെ വേദിക്കു മുന്നിൽ പ്രത്യേകം സ്ഥലം ഒഴിച്ചിടും. പാർട്ടി പ്രവർത്തകർക്കു പുറമെ വിവിധ രംഗങ്ങളിലെ സജീവ സാന്നിധ്യങ്ങളായ പ്രമുഖ വ്യക്തികളായ വനിതകളും പങ്കെടുക്കും.
പാർട്ടിയിലെ പുരുഷ നേതാക്കൾക്കും പ്രവർത്തകർക്കും റൗണ്ടിലായിരിക്കും ഡ്യൂട്ടി. ഇവർക്ക് സമ്മേളനനഗരിക്ക് അകത്തേക്ക് പ്രവേശനമുണ്ടാവില്ല. തെക്കേഗോപുര നടയിലും നായ്ക്കനാലിലുമെല്ലാം നേതാക്കൾക്കായി ഇരിപ്പിട സൗകര്യമൊരുക്കും. സിസി ടിവിയിലൂടെ പ്രധാനമന്ത്രിയുടെ സമ്മേളന പരിപാടി ലൈവായി നഗരത്തിൽ സ്ഥാപിക്കുന്ന വിവിധയിടങ്ങളിലെ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.
നഗരത്തിൽ മൂന്നാം തിയതി രണ്ടുലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.