ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ഇന്നു പുലർച്ചെ നാലിനാണ് മോദി യാത്ര തിരിച്ചത്. ഇന്ത്യ-യുഎസ്-ജപ്പാൻ-ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ വിൽമിംഗ്ടണിലാണ് ഉച്ചകോടി നടക്കുന്നത്.
ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയും ലോംഗ് ഐലൻഡിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും ചെയ്യും. അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റെ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ കാണുന്ന കാര്യം പ്രസ്താവനയിലില്ല. എന്നാൽ ട്രംപിന് എതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടു.