ന്യൂഡൽഹി: ബിജെപി നേതാവ് എൽ.കെ. അദ്വാനിക്കു രാഷ്ട്രപതി ദ്രൗപദി മുർമു ഭാരതരത്ന സമ്മാനിക്കുമ്പോൾ എഴുന്നേൽക്കാതെ കസേരയിൽതന്നെയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ വ്യാപക വിമർശനം.
പ്രായാധിക്യവും അവശതയും കാരണം ഇരുന്നാണ് മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽ.കെ. അദ്വാനി ഭാരതരത്ന സ്വീകരിച്ചത്. രാഷ്ട്രപതി അദ്വാനിയുടെ അടുത്തേക്കു ചെന്ന് മെഡൽ അണിയിച്ച് പുരസ്കാരം സമ്മാനിക്കുകയായിരുന്നു.
രാഷ്ട്രപതി എഴുന്നേറ്റുനിന്ന് പുരസ്കാരം നൽകുന്പോൾ കസേരയിൽതന്നെ ഇരുന്ന് കൈയടിക്കുകയായിരുന്നു മോദി. ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ആദരവില്ലാത്ത പെരുമാറ്റമാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ വീഡിയോ പങ്കുവച്ച് വിമർശനം രേഖപ്പെടുത്തി.
രാഷ്ട്രപതി രാജ്യത്തെ ഏറ്റവും വലിയ ബഹുമതി സമ്മാനിക്കുന്പോൾ എഴുന്നേറ്റുനിന്ന് ആദരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നാണ് ഇവരുടെ പ്രതികരണം.
എന്നാൽ ഭാരതരത്ന നൽകുന്പോൾ രാഷ്ട്രപതിയും ശാരീരിക ബുദ്ധിമുട്ടില്ലെങ്കിൽ സ്വീകരിക്കുന്നയാളും മാത്രം എണീറ്റ് നിന്നാൽ മതിയെന്നും ബാക്കി എല്ലാവരും ഇരുന്നാൽ മതിയെന്നുമാണ് രാഷ്ട്രപതി ഭവൻ ഓഫീസ് വിമർശനത്തോട് പ്രതികരിച്ചത്.