കോട്ടയം: ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിൽ ഇറങ്ങിയ സംഗീതാധ്യാപകൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു (51) വിനെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വൈക്കം പഴയ ചുടുകാട്ടിൽ കശുമാവിൽ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പഴയ ചുടുകാട്ടിൽ മൃതദേഹം തൂങ്ങി നിൽക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരാണു വിവരം വൈക്കം പോലീസിൽ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളുടെ മൊഴിയെടുത്തശേഷം ഇൻക്വസ്റ്റിനുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
കഴിഞ്ഞ വർഷം നവംബറിലാണ് ദളിത് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പോക്സോ ആക്ട് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഇദ്ദേഹം പിന്നീട് റിമാൻഡിൽ ആകുകയും ചെയ്തിരുന്നു.
കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കിയതെന്നു പോലീസ് പറഞ്ഞു. ദിവസങ്ങളോളം ഇദ്ദേഹം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
ആദ്യം കുട്ടികൾ പരാതി നൽകിയെങ്കിലും പ്രഥമാധ്യാപകൻ നടപടിയെടുക്കാൻ തയാറായില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.
കേസ് അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈഎസ്പിയ്ക്കു കൈമാറി. തുടർന്ന് കേസ് അന്വേഷിച്ച ഇദ്ദേഹം അധ്യാപകനെ അറസ്റ്റു ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
അധ്യാപകൻ റിമാൻഡിലായതിനു പിന്നാലെ സ്കൂളിൽ പരാതിക്കാരായ വിദ്യാർഥികൾ എത്താതെയായിരുന്നു. ഇതോടെയാണ് സംഭവത്തിനു പിന്നിൽ അന്വേഷണം ആരംഭിച്ചത്.
അധ്യാപകനെ വ്യാജ പരാതി നൽകി സഹപ്രവർത്തകർ തന്നെ കുടുക്കുകയായിരുന്നു എന്നതായിരുന്നു പിന്നീട് ലഭിച്ച സൂചന. അധ്യാപകരെ കൂട്ടത്തോടെ തന്നെ ഇവിടെനിന്നു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.