ലക്നോ: കാശിയിലെ സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ ഇന്നു നടക്കുന്ന “നാരീശക്തി സംവാദ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 25,000 സ്ത്രീകളുമായി സംവദിക്കും. പ്രയാഗ്രാജിൽ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രസംഗിക്കും.
വാരാണസി ലോക്സഭാ മണ്ഡലത്തിൽ 1,909 ബൂത്തുകളുണ്ടെന്നും ഓരോ ബൂത്തിൽനിന്നു പത്തു സ്ത്രീകളെ പ്രധാനമന്ത്രി മോദിയുടെ സംവദത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും കാശി മേഖല ബിജെപി വക്താവ് നവരതൻ രതി പറഞ്ഞു. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, പ്രൊഫസർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ഗവൺമെന്റ് പോളിടെക്നിക് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടും.