കാട്ടിക്കുളം: മുത്തുമാരി നരിനരങ്ങ് മലയെ തകർക്കുന്ന അനധികൃത റിസോർട്ട് നിർമ്മാണത്തിനെതിരെ നടപടിവേണമെന്ന് ആവശ്യമുയരുന്നു. ചെങ്കുത്തായ മലകളിലാണ് റിസോർട്ട് മാഫിയ തൃശ്ശിലേരിയിലെ മുത്തുമാരി നരിനരങ്ങ് മലയിൽ കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.
പതിനഞ്ചോളം അനധികൃത കെട്ടിടങ്ങളാണ് ചെങ്കുത്തായ മലമുകളിലുള്ളത്. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ 2013-14 വർഷത്തിലാണ് കെട്ടിടം പണി തുടങ്ങിയത്. തുടർന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്ന് തൃശൂർ സ്വദേശി ഹെക്കോടതിയിൽ അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള മാത്രം കെട്ടാൻ അനുമതി നൽകിയിരുന്നു.
ഇതിന്റെ മറവിലാണ് കൂറ്റൻ പാറക്കെട്ടുകൾ ജെസിബി ഉപയോഗിച്ച് പൊട്ടിച്ച് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
1972 ൽ വിരമിച്ച പട്ടാളക്കാർക്ക് നൽകിയതാണ് ഒന്പതേക്കർ ഭൂമി. തികച്ചും താമസയോഗ്യമല്ലാത്ത മലനിരകളാണ് നരി നരങ്ങി മല. തുടർന്ന് 2017ൽ റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും മെമ്മോ നൽകിയ ശേഷവും രണ്ട് കൂറ്റൻ കെട്ടിടവും ഇവിടെ കെട്ടിയിട്ടുണ്ട്.
തിരുനെല്ലിയിലെ കന്പമല, തോട്ടമല, നരിനരങ്ങ് മല എന്നീ കുന്നുകൾ ചേർന്ന ഭാഗമായ നരിനരിങ്ങ്മലയെ തകർക്കുന്ന രീതിയിലാണ് മല പൊളിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഇതിന്റെ സമീപത്താണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചൽ ഉണ്ടായത്. മലയുടെ ചില ഭാഗങ്ങളിൽ കൂറ്റൻ പാറകൾ ഇളക്കം തട്ടിയ അവസ്ഥയിലാണ്.
ഇതിനോട് ചേർന്നുള്ള കന്പമലയിൽ രണ്ട് ദിവസം മുന്പ് ഉരുൾപൊട്ടിപാറകളും ചരലും താഴെക്ക് പതിക്കുകയും ഇപ്പോഴും വെള്ളപാച്ചിൽ തുടരുകയുമാണ്. ആന, കുരങ്ങ്, പന്നി, കാട്ടുപോത്ത്, മ്ലാവ് എന്നി ജീവികളുടെ ആവാസസ്ഥലവും ജില്ലയിൽ തന്നെ ഏറ്റവും അതികം ചന്ദനമരങ്ങൾ തിങ്ങി നിൽക്കുന്ന മലനിരകളാണ് നരിനരങ്ങ്മല.