അത്യധികം ഭീകരമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ലോകത്താകമാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകപ്രശസ്ത ശാസ്ത്രഞ്ജരടക്കം നിരവധിയാളുകള്‍ വിദഗ്ധ പഠനങ്ങള്‍ക്കുശേഷം ഭയപ്പെടുത്തുന്ന രീതിയിലുള്ള നിരവധി മുന്നറിയിപ്പുകള്‍ ഇതിനോടകം, നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ പുറത്തെത്തിയിരിക്കുന്നു. അടുത്ത നൂറു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താഴുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന ആ മുന്നറിയിപ്പ്.
ആഗോളതാപനത്തിന്റെ ഫലമായി ലോകതാപനില ഉയരുന്ന സാഹചര്യത്തില്‍ ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും, മംഗളൂരുവുമാണെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. തീരദേശ നഗരങ്ങളെയാണത്രേ പ്രശ്‌നം കൂടുതല്‍ ബാധിക്കുക. നൂറുവര്‍ഷത്തിനുള്ളില്‍ സമുദ്രജലനിരപ്പ് ഇപ്പോഴുള്ളതില്‍ നിന്ന് കൂടുതല്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രധാന തുറമുഖ നഗരങ്ങളായ ആന്ധ്രയിലെ കാക്കിനട, മഹാരാഷ്ട്രയിലെ മുംബൈ, കര്‍ണാടകയിലെ മംഗളുരു എന്നിവിടങ്ങളിലെ ജലനിരപ്പ് ഭാവിയില്‍ ഉയരുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയും ഈ ഭീഷണിയുടെ പിടിയിലാണെന്ന് ഗവേഷണകേന്ദ്രം പറയുന്നു. ഇപ്പോള്‍തന്നെ, മുംബൈ നഗരം അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഇനിയുമൊരാഘാതം ഉണ്ടായാല്‍ ചിലപ്പോള്‍ കൊല്‍ക്കത്ത, മുംബൈ പോലുള്ള നഗരങ്ങള്‍ തീര്‍ത്തും അപ്രത്യക്ഷമാവുകയും രാജ്യത്തെ ഒരുകൂട്ടം ജനത അഭയാര്‍ത്ഥികളായി തീരുകയും ചെയ്യുമെന്ന മുന്നറിയിപ്പും നാസ നല്‍കിയിട്ടുണ്ട്.