മനുഷ്യരുടെ ഡിഎന്‍എ മാറ്റിമറിക്കാന്‍ നാസ; ഡിഎന്‍എയില്‍ പ്രകടമായ മാറ്റം വരുത്തുന്ന മരുന്ന് ഉടന്‍ പരീക്ഷിക്കും; നാസയുടെ ഉദ്ദേശ്യം ഞെട്ടിക്കുന്നത്

സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഏറ്റവും താത്പര്യമുള്ള ഗ്രഹമേതെന്ന ചോദ്യത്തിന് ഉത്തരമാണ് ചൊവ്വ. ഭൂമിയില്‍ നിന്ന് ഏകദേശം 22.5 കിലോമീറ്റര്‍ ദൂരെയുള്ള ഈ ചുവപ്പന്‍ ഗ്രഹം മനുഷ്യരുടെ ജീവിതത്തില്‍ പലരീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ചൊവ്വയിലേക്ക് ചേക്കേറാനൊരുങ്ങിയിരിക്കുന്ന മനുഷ്യരെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്. കുറേ പരീക്ഷണ വാഹനങ്ങള്‍ അയച്ചെങ്കിലും ചൊവ്വ എന്താണെന്ന കാര്യത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. മനുഷ്യന്റെ തലച്ചോര്‍ തകര്‍ക്കുന്ന റേഡിയേഷനുകളുടെ അതിപ്രസരമാണ് ചൊവ്വയിലെന്ന് ചില പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. സിനിമകളിലൂടെ പലരും ഇതിനകം ചൊവ്വയിലെത്തിക്കഴിഞ്ഞെങ്കിലും പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. യാത്രയുടെ വേഗതയനുസരിച്ച് 150 മുതല്‍ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താന്‍. ഭൂമിയിലാണെങ്കില്‍ ബഹിരാകാശത്തെ റേഡിയേഷനില്‍ നിന്നു നമ്മെ രക്ഷിക്കാന്‍ കാന്തികമണ്ഡലമുണ്ട്. പക്ഷേ തലങ്ങും വിലങ്ങും പലതരം അണുവികിരണങ്ങള്‍ പായുന്ന ബഹിരാകാശത്ത് നാളുകളോളം ജീവിക്കേണ്ടി വരികയാണെങ്കിലോ? ചൊവ്വായാത്രികരെ അഥവാ ‘മാര്‍സോനോട്ടു’കളെ കാത്തിരിക്കുന്നത് അത്തരമൊരു വിധിയാണ്.

എന്നാല്‍ ചുമ്മാതങ്ങ് മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കാന്‍ നാസയ്ക്ക് ഉദ്ദേശ്യമില്ല. യാത്രികരുടെ സംരക്ഷണത്തിനു വേണ്ടി ഇന്നേവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെയാണ് നാസയുടെ യാത്ര. ഏറ്റവും പുതിയ വാര്‍ത്ത ചൊവ്വായാത്രികരുടെ ഡിഎന്‍എയില്‍ മാറ്റം വരുത്താനാണ് നാസയുടെ നീക്കം എന്നതാണ്. ഇതിനു വേണ്ടിയുള്ള മരുന്ന് അണിയറയില്‍ ഒരുങ്ങുകയാണെന്നു പറഞ്ഞത് മറ്റാരുമല്ല, നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റ് ഡോ.ഡഗ്ലസ് ടെറിയര്‍ തന്നെ. ചൊവ്വായാത്രികരുടെ ഡിഎന്‍എ കോഡില്‍ മാറ്റം വരുത്തുന്ന മരുന്ന് പ്രയോഗിച്ച് റേഡിയേഷനില്‍ നിന്നു രക്ഷിക്കാനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. ഉന്നതോര്‍ജത്തില്‍ ദേഹത്തു പതിക്കുന്ന വികിരണങ്ങള്‍ ശരീരകലകളെ ആവരണം ചെയ്തിട്ടുള്ള ന്യൂക്ലിയൈകളെ തകര്‍ത്തു കളയും. അണുവികിരണങ്ങളും ന്യൂക്ലിയൈകളും ഒരു പോലെ ശരീരത്തില്‍ വിഭജിക്കപ്പെടും. കാന്‍സറും സ്മൃതിനാശവും ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്കാണ് ഇത് നയിക്കുക.

ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തു വച്ച് ഒരാള്‍ക്ക് വികിരണമേറ്റ് അപകടമുണ്ടായാല്‍ മതി അത് ഒപ്പമുള്ളവരുടെയും ജീവനെയും മാരകമായി ബാധിക്കും. എന്നാല്‍ റേഡിയേഷനേറ്റ് ശരീരകലകള്‍ക്കുള്ള ഏതു പ്രശ്‌നത്തെയും നിമിഷ നേരം കൊണ്ട് ‘റിപ്പയര്‍’ ചെയ്യുന്നതായിരിക്കും നാസയുടെ മരുന്ന്. എന്‍എംഎന്‍ സംയുക്തമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. സംഗതി വയസ്സന്‍ എലികളില്‍ പ്രയോഗിച്ച് ‘കരുത്ത്’ തെളിയിച്ചതുമാണ്. അതായത് വയസ്സു ചെന്ന എലികളില്‍ എന്‍എംഎന്‍ അകത്തു ചെന്നതും അവ ചെറുപ്പക്കാരെപ്പോലെ ഉഷാറാവുകയായിരുന്നു. ബഹിരാകാശയാത്രികരുടെ ഡിഎന്‍എയില്‍ ഗുണകരമായ മാറ്റം വരുത്താന്‍ ഇവയ്ക്കാകുമെന്നാണ് നിഗമനം. ഇതിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താനിരിക്കുകയാണ്. അതേസമയം പരമ്പരാഗതമായിട്ടുള്ള ജനിതകഘടനയില്‍ മാറ്റം വരുത്തുക വഴിയുണ്ടാകുന്ന പ്രശ്‌നങ്ങളും ഗവേഷകരുടെ മുന്നിലുണ്ട്.

മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ ശരീരം തിരിച്ചറിയുന്ന ഒരു ഡിഎന്‍എ കോഡുണ്ട്. വര്‍ഷങ്ങളായി പരിചിതമായ ആ ‘കോഡി’നാണ് പെട്ടെന്നൊരു മാറ്റം വരുന്നത്. ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നും മനസിലാക്കേണ്ടതുണ്ട്. ഒരുപക്ഷേ ചൊവ്വായാത്രികര്‍ക്കു മാത്രമല്ല കാന്‍സറും സ്മൃതിനാശവും ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ കാരണം വലയുന്നവര്‍ക്കുള്ള ആശ്വാസം കൂടിയാകും പുതിയ മരുന്ന്! അണുവികിരണങ്ങളെ തടയാന്‍ ശേഷിയുള്ള സ്‌പേസ് സ്യൂട്ടുകള്‍ ബഹിരാകാശ വാഹനങ്ങളിലേക്കായി പ്രത്യേക തരം ആവരണങ്ങള്‍, ഇലക്ട്രോമാഗ്‌നറ്റിക് ഫോഴ്‌സ് ഫീല്‍ഡ്… റേഡിയേഷനുകളോട് പൊരുതാനുള്ള നാസയുടെ മുന്നോട്ടാണ്.

 

Related posts