ഭൂമിയില്‍ നിന്ന് ശരാശരി 22.5 കോടി കിലോമീറ്റര്‍ ദൂരെ മനുഷ്യന്റെ ജിജ്ഞാസയെ ജ്വലിപ്പിച്ചു കൊണ്ട് നിലനില്‍ക്കുന്ന ചുവപ്പന്‍ ഗ്രഹമാണ് ചൊവ്വ. ചൊവ്വയെന്ന് പറയുമ്പോള്‍ തന്നെ പലരുടെയും മനസില്‍ ഓടിയെത്തുന്നത് ചൊവ്വാദോഷം എന്ന വാക്കാണ്. നാസയിലെ ഗവേഷകരും പറയുന്നു, ചൊവ്വയില്‍ മനുഷ്യനെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണ്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ചൊവ്വയിലെ അന്തരീക്ഷത്തെ കൃത്യമായി മനസിലാക്കാന്‍ ശാസ്ത്രഞ്ജര്‍ക്ക് സാധിച്ചിട്ടില്ല. അതേസമയം, ചൊവ്വയുടെ അന്തരീക്ഷത്തില്‍ മനുഷ്യന്റെ തലച്ചോറിനെ തകര്‍ക്കുന്ന മാരക റേഡിയേഷന്‍ തലങ്ങും വിലങ്ങും പായുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ.
2030 ഓടെ അത് തീര്‍ച്ചയായും സാധ്യമാക്കുമെന്നും നാസ പറയുന്നു. അതേസമയം, അവിടുത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് നാസയിലെ ഗവേഷകരെന്നാണ് അറിയുന്നത്. കാരണം, തലങ്ങും വിലങ്ങും പായുന്ന റേഡിയേഷനെ നേരിടാന്‍ ചൊവ്വായാത്രികര്‍ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ചൊവ്വാ യാത്രികരെ സംരക്ഷിക്കുന്നതിനായി നാസ പുതിയ കണ്ടുപിടുത്തം പരീക്ഷിക്കാന്‍ തയാറെടുക്കുന്നത്. ഏറ്റവും പുതിയ വാര്‍ത്ത ചൊവ്വായാത്രികരുടെ ഡിഎന്‍എയില്‍ മാറ്റം വരുത്താനാണ് നാസയുടെ നീക്കം എന്നതാണ്. ഇതിനു വേണ്ടിയുള്ള മരുന്ന് അണിയറയില്‍ ഒരുങ്ങുകയാണെന്നു പറഞ്ഞത് മറ്റാരുമല്ല, നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റ് ഡോ.ഡഗ്ലസ് ടെറിയര്‍ തന്നെ.
ചൊവ്വായാത്രികരുടെ ഡിഎന്‍എ കോഡില്‍ മാറ്റം വരുത്തുന്ന മരുന്ന് പ്രയോഗിച്ച് റേഡിയേഷനില്‍ നിന്നു രക്ഷിക്കാനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. എന്നാല്‍ റേഡിയേഷനേറ്റ ശരീരകലകള്‍ക്കുള്ള ഏതു പ്രശ്‌നത്തെയും നിമിഷ നേരം കൊണ്ട് ‘റിപ്പയര്‍’ ചെയ്യുന്നതായിരിക്കും നാസയുടെ മരുന്ന്. വയസ്സന്‍ എലികളില്‍ പ്രയോഗിച്ച് ‘കരുത്ത്’ തെളിയിച്ചതുമാണ്. അതായത് വയസ്സു ചെന്ന എലികളില്‍ എന്‍എംഎന്‍ അകത്തു ചെന്നതും അവ ചെറുപ്പക്കാരെപ്പോലെ ഉഷാറാവുകയായിരുന്നു.
ബഹിരാകാശയാത്രികരുടെ ഡിഎന്‍എയില്‍ ഗുണകരമായ മാറ്റം വരുത്താന്‍ ഇവയ്ക്കാകുമെന്നാണ് നിഗമനം. ഇതിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താനിരിക്കുകയാണ്. അതേസമയം പരമ്പരാഗതമായിട്ടുള്ള ജനിതകഘടനയില്‍ മാറ്റം വരുത്തുക വഴിയുണ്ടാകുന്ന പ്രശ്‌നങ്ങളും ഗവേഷകരുടെ മുന്നിലുണ്ട്. മനുഷ്യന്‍ ജനിക്കുമ്പോള്‍ മുതല്‍ ശരീരം തിരിച്ചറിയുന്ന ഒരു ഡിഎന്‍എ കോഡുണ്ട്. വര്‍ഷങ്ങളായി പരിചിതമായ ആ ‘കോഡി’നാണ് പെട്ടെന്നൊരു മാറ്റം വരുന്നത്. ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുമെന്നും മനസിലാക്കേണ്ടതുണ്ട്.