ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ഉടന്‍ കണ്ടെത്താനാകുമെന്ന നാസയുടെ ഉറപ്പ്. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) വിക്രം ലാന്‍ഡര്‍ ലാന്‍ഡ് ചെയ്തുവെന്ന് കരുതുന്ന പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. നല്ല വെളിച്ചമുള്ള സമയത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും ലാന്‍ഡറിനായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും എല്‍ആര്‍ഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു.
തിങ്കളാഴ്ച എല്‍ആര്‍ഒ ഇതുവഴി പോകുമ്പോള്‍ ലൈറ്റിങ് കൂടുതല്‍ അനുകൂലമായിരുന്നു ( ഇപ്പോള്‍ ഈ പ്രദേശത്ത് നിഴല്‍ കുറവാണ്) എന്നും പെട്രോ പറഞ്ഞു. സെപ്റ്റംബര്‍ 17 ന് എല്‍ആര്‍ഒയുടെ അവസാന ഫ്‌ളൈ ഓവറിനിടെ എടുത്ത ചിത്രങ്ങളില്‍ വിക്രം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞില്ല. സന്ധ്യയായപ്പോള്‍ ചന്ദ്രോപരിതലത്തിന്റെ ഭൂരിഭാഗത്തും മൂടിക്കെട്ടിയ നീണ്ട നിഴലുകളായിരുന്നു. തിങ്കളാഴ്ച എല്‍ആര്‍ഒ വീണ്ടും വിക്രമിന്റെ ലാന്‍ഡിംഗ് പ്രദേശത്തിനു മുകളിലൂടെ പറന്നു ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കാമറ ടീം ചിത്രങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വിക്രം ലാന്‍ഡറെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും നോവ പറഞ്ഞു.
വിക്രം ലാന്‍ഡറിന് എന്തു സംഭവിച്ചെന്ന് ഉടന്‍ കണ്ടെത്തുമെന്ന് മേരിലാന്‍ഡിലെ ഗോദാര്‍ദ്് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോ പറഞ്ഞു. ഇത് വലിയൊരു പ്രദേശമാണ്. എവിടെയാണ് തിരയേണ്ടതെന്ന് കൃത്യമായി അറിയില്ല. ഇതിനാല്‍ ചിത്രങ്ങള്‍ തിരയാന്‍ കുറച്ച് സമയമെടുക്കും, കാരണം ഞങ്ങള്‍ വളരെ വലിയൊരു പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ പത്തിന് എല്‍ആര്‍ഒ ഈ പ്രദേശത്തു കൂടി വീണ്ടും സഞ്ചരിക്കുമെന്നും ചിത്രങ്ങള്‍ക്ക് അനുകൂലമായ ലൈറ്റിംഗ് സാഹചര്യങ്ങളുള്ള മറ്റൊരു മികച്ച അവസരമാണിതെന്നും പെട്രോ പറഞ്ഞു. സെപ്റ്റംബര്‍ ആറിന് ശേഷം ഇസ്രോയുമായി വിക്രം ലാന്‍ഡറിന്റെ ബന്ധം നഷ്ടപ്പെടുകയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള പ്രദേശത്ത് ഇടിച്ചിറങ്ങുകയും ചെയ്യുകയുമായിരുന്നു.