എനിക്ക് നാസയില്‍ ജോലി ലഭിച്ചു, വാര്‍ത്ത കേട്ടതോടെ നാട്ടുകാര്‍ ആഘോഷം തുടങ്ങി, ഒടുവില്‍ അഭിനവ കിംഗ് ലയര്‍ കുടുങ്ങി, ചതിച്ചത് ഒബാമയുടെ ഒപ്പ്!

mpകിംഗ് ലയര്‍ എന്ന സിനിമ കണ്ടിട്ടില്ലേ. വാ തുറന്നാല്‍ നുണ മാത്രം പറയുന്ന കഥാപാത്രമായി ദിലീപ് തകര്‍ത്തഭിനയിച്ച ചിത്രം. അതുക്കുംമേലെയുള്ള ഒരു കിംഗ് ലയറിനെ പരിചയപ്പെടാം. ഇയാളുടെ പേര് അന്‍സാര്‍ ഖാന്‍. സ്വദേശം മധ്യപ്രദേശിലെ ഭോപ്പാല്‍. ചെറിയ കള്ളമൊന്നുമല്ല ഇയാള്‍ പറഞ്ഞുപരത്തിയത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ജോലി ലഭിച്ചെന്നായിരുന്നു പന്ത്രണ്ടാം ക്ലാസ് പോലും കടക്കാത്ത ഈ യുവാവിന്റെ വീരവാദം. അതും രണ്ടു കോടി രൂപ മാസശമ്പളത്തില്‍. നാട്ടുകാരെ മുഴുവന്‍ കബളിപ്പിച്ച ചെറുപ്പക്കാരന്‍ അവസാനം പോലീസ് ലോക്കപ്പിലെത്തുകയും ചെയ്തു.

nasaaa യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ അടക്കമുള്ളവരുടെ ഒപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. തനിക്ക് നാസയിലെ സ്‌പെയ്‌സ്, ഫുഡ് പ്രോഗ്രാം വിഭാഗത്തില്‍ ജോലി ലഭിച്ചതായാണ് ഇയാള്‍ നാട്ടുകാരെ അറിയിച്ചത്. സംഭവം വിശ്വസിച്ച നാട്ടുകാരും സ്കൂള്‍ അധികൃതരും അന്‍സാറിന് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചടങ്ങിനിടയില്‍ യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥനായ ശശികാന്ത് ശുക്ലയുടെ ശ്രദ്ധയില്‍പ്പെട്ടു.

കാര്‍ഡിലെ ബരാക് ഒബാമയുടെ ഒപ്പാണ് ശുക്ലയുടെ സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്‍സാറിന്റെ തട്ടിപ്പ് പുറത്തുവന്നത്. പ്രാദേശിക സ്റ്റുഡിയോയില്‍വച്ചാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ആദ്യ ശമ്പളം ലഭിക്കുമ്പോള്‍ മടക്കിനല്‍കാമെന്ന പേരില്‍ പലരോടും ഇയാള്‍ ഉയര്‍ന്ന തുക തട്ടിയെടുത്തതായും പോലീസ് അറിയിച്ചു.

Related posts