കേപ് കനാവൽ: യുഎസ് സ്പേസ് ഏജൻസി നാസയുടെ ഇൻജെന്യുറ്റി ഹെലികോപ്റ്റർ ചൊവ്വയുടെ അന്തരീക്ഷത്തിൽ തിങ്കളാഴ്ച പറന്നുയർന്നു.
1903 ൽ റൈറ്റ് സഹോദരന്മാർ ആദ്യ കോപ്റ്റർ പറത്തിയതിനു സമാനമായി മറ്റൊരു ഗ്രഹത്തിൽ മനുഷ്യനിർമിത ഹെലികോപ്റ്റർ പറന്ന് ചരിത്രം സൃഷ്ടിച്ചു.
“ആൾട്ടിമീറ്ററിലെ ഡേറ്റ അനുസരിച്ച് ഇൻജെന്യുറ്റി ആദ്യ പറക്കൽ നടത്തി, മറ്റൊരു ഗ്രഹത്തിൽ ആദ്യമായി വിമാനം പറന്നു”-
ഇൻജെന്യുറ്റിയുടെ ചരിത്രവിജയമറിയിച്ച് ഹെലികോപ്റ്ററിന്റെ ഭൂമിയിലെ ചീഫ് പൈലറ്റ് ഹാവാഡ് ഗ്രിപ് പറഞ്ഞു.
39.1 സെക്കൻഡ് നേരത്തേക്കാണു ഹെലികോപ്റ്റർ പറന്നത്. അമേരിക്കൻ സമയം രാവിലെ 3.34ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.04ന്) ആയിരുന്നു പറക്കൽ.
ചൊവ്വയുടെ പ്രതലത്തിലുള്ള പെർസീവിയറൻസ് റോവറിൽനിന്നു ലഭിച്ച ചിത്രങ്ങളുടെയും ഡേറ്റയുടെയും അടിസ്ഥാനത്തിൽ കലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഇൻജെന്യുറ്റിയുടെ പറക്കൽ വിജയമാണെന്ന് അറിയിച്ചു. പെർസീവിയറൻസ് റോവറിൽനിന്ന് 200 അടി (65 മീറ്റർ) അകലെയാണ് ഇൻജെന്യുറ്റി പറന്നത്.
ഫെബ്രുവരി 18നാണ് ചൊവ്വായുടെ ജസേറോ ക്രേറ്ററില്‍ പെര്‍സീവിയറന്‍സ് റോവര്‍ ഇറങ്ങിയത്.
റോവറിനുള്ളിൽനിന്നും ചൊവ്വയുടെ പ്രതലത്തിലിറങ്ങിയ ഇന്ജെന്യുറ്റിയുടെ പരീക്ഷണപ്പറക്കല്‍, ഏപ്രിൽ 11 നു നടത്താനാണു നിശ്ചയിച്ചിരുന്നത്.
എന്നാൽ, റോട്ടറിലെ സാങ്കേതിക തരാറിനെത്തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
“നമ്മൾ നമ്മുടെ റൈറ്റ് സഹോദരന്മാരുടെ നിമിഷത്തേക്കുറിച്ച് വളരെക്കാലമായി പറയുന്നു, അത് ഇതാണ്”- കൈയിലുണ്ടായിരു ന്ന പേപ്പർ കീറിക്കളഞ്ഞുകൊണ്ട് പ്രോജക്ട് മാനേജർ മിമി ഓംഗ് ഇൻജെന്യുറ്റിയുടെ വിജയം ആഘോഷിച്ചു.
28.7 കോടി കിലോമീറ്റർ അകലെ നടക്കുന്ന പറക്കൽ പരാജയപ്പെട്ടാൽ എന്തു ചെയ്യണമെന്നുള്ള പദ്ധതിയാണ് ആ പേപ്പറിലുണ്ടായിരുന്നത്.
ഇൻജെന്യുറ്റി പറന്നുയർന്നപ്പോൾ ചൊവ്വയുടെ പ്രതലത്തിലുണ്ടായ നിഴലിന്റെ, ഇൻജെന്യുറ്റിയിലെ കാമറ പകർത്തിയ ചിത്രം നാസ ആദ്യം പുറത്തുവിട്ടു.
ചൊവ്വയുടെ പ്രതലത്തിലുള്ള പെർസീവിയറൻസ് റോവർ പകർത്തിയ കളർ ചിത്രവും പിന്നീട് ലഭിച്ചു. ചരിത്രവിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രോജക്ട് മാനേജർ ഓംഗ് നന്ദിയറിയിച്ചു.
പത്ത് അടി (മൂന്നു മീറ്റർ) ഉയർന്നു പൊങ്ങിയ ഇൻജെന്യുറ്റി ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം പറന്നുനിന്നു.