രാജ്യത്ത് ആദ്യമായി നേസല് കോവിഡ് വാക്സിന് അനുമതി. ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസല് വാക്സിന് ഡ്രഗ് കണ്ട്രോളര് അംഗീകാരം നല്കി.
‘അടിയന്തര സാഹചര്യങ്ങളില്’ മുതിര്ന്നവര്ക്കിടയില് ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഭാരത് ബയോടെക്കിന്റെ ഇന്ട്രാ നേസല് (മൂക്കിലൂടെ നല്കുന്നത്) വാക്സീനായ ‘ബിബിവി154’ ന് ഡ്രഗ്സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയില് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്കിയിരുന്നു.
വാഷിങ്ടണ് യൂണിവേഴ്സിറ്റി സ്കൂള് ഓഫ് മെഡിസിനുമായി ചേര്ന്നാണ് ഭാരത് ബയോടെക് നേസല് വാക്സിന് വികസിപ്പിച്ചത്.
വാക്സിന് സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്കുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു.
മൂക്കിലൂടെ 2 ഡോസ് വാക്സിനായി നല്കുമ്പോഴും മറ്റൊരു വാക്സിന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റര് ഡോസായി നല്കുമ്പോഴും ഇതു സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു.