വാഷിംഗ്ടൺ ഡിസി: ഭാവിയിൽ ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള നാസയുടെ ത്രില്ലർ ദൗത്യം വിജയം.
നാസയുടെ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ച് ദിശമാറ്റി.
ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ 4.44നാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു.
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ ഇടിച്ച് വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനമാണ് ഡാർട്ട്.
ഭൂമിയിൽനിന്ന് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറു ഛിന്നഗ്രഹത്തിലാണ് ‘ഡാർട്ട്’ ഇടിച്ചിറക്കിയത്.
ഭൂമിയിൽനിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഡൈഫോർമോസ് എന്ന ഛിന്നഗ്രഹം.
സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് “ഡാർട്ട്’ ഡൈഫോർമോസിനുനേരെ പാഞ്ഞടുത്തത്. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമാണ് ഡാർട്ട് പേടകത്തിനുള്ളത്.
ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഡാർട്ടിനെ മുന്നോട്ടു നയിക്കുന്നത് സീനോൺ ഊർജമാണ്. ഡാർട്ടിനൊപ്പമുള്ള ലിസിയ എന്ന കാമറയാണ് ദൃശ്യങ്ങൾ പകർത്തുന്നത്.
ഇടിക്കുശേഷം സംഭവിച്ച കാര്യങ്ങളില്‍ നാസ ഇനിയും കൂടുതല്‍ വ്യക്തത വരുത്താനുണ്ട്.
നവംബർ 24നാണ് നാസയുടെ സ്പേസ് എക്സ് റോക്കറ്റിലേറി ഡാർട്ട് യാത്ര തുടങ്ങിയത്. 33 കോടി യുഎസ് ഡോളറാണ് (2,456 കോടി രൂപ) ദൗത്യത്തിന്റെ ആകെ ചെലവ്.