മലപ്പുറം: വിവാഹ വാഗ്ദാനം നല്കി സ്വർണവും പണവും തട്ടിയെടുത്ത ആൾ പോലീസ് പിടിയിൽ. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസറാണ്(44) പിടിയിലാണ്. യുവതിയുടെ 3 പവന് സ്വര്‍ണാഭരണവുമായി മുങ്ങിയ കേസിലാണ് പോലീസ് നാസറെ അറസ്റ്റ് ചെയ്തത്.
വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വയ്ക്കുന്നത്. ഇവരുടെ വീടുകളിൽ പെണ്ണുകാണാനെത്തിയ ശേഷം ഫോണിലൂടെ ബന്ധം സ്ഥാപിക്കും. പിന്നീട് സ്വർണാഭരണങ്ങൾ തന്ത്രപരമായി കൈക്കലാക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
അഞ്ച് പവന് ആഭരണമാക്കി കൊണ്ടുവരാം എന്നു പറഞ്ഞാണ് പരാതിക്കാരിയുടെ കൈവശമുണ്ടായിരുന്ന മൂന്ന് പവന് മാല നാസര്‍ കൈക്കലാക്കിയത്. എന്നാൽ സ്വർണമാലയുമായി ഇയാൾ മുങ്ങുകയായിരുന്നു.
ഇതോടൊപ്പം പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ട്. നാസറിനെതിരെ മലപ്പുറം, പാലക്കാട് ജില്ലകളിലായി കേസുകളുണ്ട്.
നിലവില്‍ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമാണ് ഉള്ളത്. മൂന്നാംഭാര്യയുടെ വീട്ടില്‍ നിന്നാണ് നാസറിനെ പോലീസ് പിടികൂടിയത്.