സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. മിശ്ര വിവാഹത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിലാണ് മന്ത്രിയുടെ പ്രതികരണം. നാസര്‍ ഫൈസി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നതിനും വിശ്വസിക്കുന്നതിനും ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.
മതപണ്ഡിതനെന്ന നിലയില്‍ നാസര്‍ ഫൈസിക്ക് വിശ്വാസികള്‍ക്കായി ഉത്തരവുകള്‍ പുറപ്പെടുവിക്കാൻ അവകാശമുണ്ട്. എന്നാൽ ആ ഉത്തരവുകളെല്ലാം തന്നെ മറ്റുള്ളവർ അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്നാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.
ഒരു ഹിന്ദു ഒരു മുസ്ലിം സമുദായക്കാരനെയോ സമുദായക്കാരിയെയോ വിവാഹം ചെയ്താൽ മതേതരത്വമായെന്നാണ് ചിലർ ധരിക്കുന്നത്. എന്നാൽ ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു.
എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കൂടത്തായിയുടെ പരാമർശം. എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസർഫൈസി ഉയർത്തിയത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് ജില്ലാ സാരഥി സംഗമം നടന്നത്. പരിപാടിയിൽ പങ്കെടുത്ത മഹല്ല് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർ ഫൈസിയുടെ പരാമർശം.