വടകര: വില്യാപ്പള്ളിയിൽ നിന്നു കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായ യുവാവിന് അധോലോക ബന്ധം. പോലീസിനെ വെട്ടിച്ച് മംഗലാപുരത്തെ ക്രിമിനലിന്റെ ഒത്താശയിൽ കഴിഞ്ഞ പ്രതി ഖത്തറിലേക്കു കടക്കാൻ ശ്രമിക്കുന്പോഴാണ് വലയിലായത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നു പിടികൂടിയ വില്യാപ്പള്ളി രാമത്ത് നസീഫിനെ വടകര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കുറേകാലമായി നാടുമായി പറയത്തക്ക ബന്ധമില്ലാത്ത ഇയാൾ ഇക്കഴിഞ്ഞ പതിനേഴിനു വൈകുന്നേരമാണ് കോളജ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയത്. കോളജ് വിട്ട് വില്യാപ്പള്ളി കുളത്തൂർ റോഡിലൂടെ നടന്നുപോകുന്പോൾ പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. ഉടൻ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ സമർഥമായ നീക്കത്തിലാണ് മംഗലാപുരം ഉള്ളാളിൽ നിന്ന് വിദ്യാർഥിനിയെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ അടുത്ത ദിവസം തന്നെ നാട്ടിലേക്കു കൊണ്ടുവന്നു. പ്രതി നസീഫ് ഗോവയിലേക്കു കടന്നുകളഞ്ഞിരുന്നു.
മംഗലാപുരം, ഗോവ, മുംബൈ എന്നിവിടങ്ങളിലെ ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പറയുന്നു.
പെണ്‍കുട്ടിയെ ഗോവയിലേക്കു കടത്താനായിരുന്നു പരിപാടി. കേരള പോലീസിനു പുറമെ കർണാടക പോലീസും നടത്തിയ അന്വേഷണത്തിൽ പ്രതി ഖത്തറിലേക്കു പോകാൻ സാധ്യതയുള്ളതായി കണ്ടെത്തി.
തുടർന്നു ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഗൾഫിലേക്കു പോകാൻ പ്രതി മംഗലാപുരം വിമാനത്താവളത്തിൽ എത്തിയതും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പോലീസിനു കൈമാറിയതും. വടകര ഡിവൈഎസ്പി പി.ടി.പ്രേംരാജിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ ടി.മധുസൂദനൻനായർ, എസ്ഐമാരായ എം.സനൽരാജ്, മുരളീധരൻ, സിവിൽ പോലീസ് ഓഫീസർ സിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.