കരിന്പ: നാടാകെ എസ് എൽ സി വിജയം ആഘോഷമാക്കി മാറ്റുന്പോൾ പത്തുവർഷമായി സ്കൂളിൽ പോകാൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തെ മാത്രം ആശ്രയിച്ച് മിന്നും വിജയം കരസ്ഥമാക്കിയിരിക്കുകയാണ് മണ്ണാർക്കാട് വിയ്യകുർശ്ശി നിവാസിയായ നസീഹ എന്ന കൊച്ചുമിടുക്കി .
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിൽ വിദ്യാർത്ഥിയ നസീഹ ഒന്പത് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും കരസ്ഥമാക്കി സ്കൂളിനും നാടിനുമെല്ലാംഅഭിമാനമായി മാറുന്പോൾ ഈ വിജയത്തിന് പിന്നിൽ ഉറച്ച നിശ്ചയദാർഢ്യത്തിന്റയും മനക്കരുത്തിന്റെയും ശക്തമായ കയ്യൊപ്പുണ്ട്.
നൗഷാദ്- കമറു ദന്പതിമാരുടെ മൂത്തമകളായ നസീഹ ജന്മനാ സെറിബ്രൽ പാൾസി എന്ന അവസ്ഥ നേരിടുകയാണ്.
തന്റെ മകളുടെ അവസ്ഥ കണ്ട് ആദ്യം ഒന്നു പകച്ചെങ്കിലും അവൾക്ക് പറക്കാൻ ചിറകുകൾക്ക് ശക്തിയും വിശാലമായൊരു ആകാശവും ഒരുക്കിക്കൊടുക്കാൻ ഈ മാതാപിതാക്കൾ മറന്നില്ല.
അതിന്റെ ഭാഗമായി തന്നെയാണ് ഇന്നേവരെ മണ്ണാർക്കാട് ബി ആർ സി യിലെ ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഹോം ട്യൂഷൻ നടത്തിവരുന്നത്.
ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും ഉയരങ്ങൾ കീഴടക്കാനുള്ള നസീഹയുടെ ആർജ്ജവം കൂടുതൽ ഉൗർജത്തോടെ പ്രവർത്തിക്കാൻ അധ്യാപികയ്ക്കും പ്രചോദനമായി.
പിന്നീടങ്ങോട്ട് അക്ഷരങ്ങളുമായുള്ള ചങ്ങാത്തം വഴി പുത്തൻ സ്വപ്നങ്ങൾ നാന്പിട്ടു തുടങ്ങി.
വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽ ഉൗന്നിയുള്ള പൂർണ്ണ ബോധം ഇന്ന് നസീഹ യുടെ ജീവിതത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ്.
തന്റെ വിധിയെ പഴിച്ചിരിക്കാതെ സാധ്യതകളിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടു നീങ്ങിയപ്പോൾ ആടുജീവിതം, ഖസാക്കിന്റെ ഇതിഹാസം തുടങ്ങി നൂറിലധികം പുസ്തകങ്ങൾ വായിച്ചു കൊണ്ട് പഠനത്തോടൊപ്പം തന്നെ നല്ലൊരു വായനക്കാരി കൂടിയാണ് നസീഹ എന്ന് തെളിയിച്ചിരിക്കുകയാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളോടാണ് ഏറെ ഇഷ്ടമെന്ന് നസീഹ പറയുന്നു. തന്റെ ഇല്ലായ്മകളിൽ ജീവിതത്തിൽ പകച്ച് നിൽക്കുന്ന സമൂഹത്തിലെ പലർക്കും ശക്തമായ മറുപടിയാണ് ഈ വിജയം.
ഈ അഭിമാന നിമിഷത്തിൽ ആനന്ദിക്കുന്നത് നസീഹയുടെ മാത്രമല്ല നാളിതുവരെ അവളുടെ യാത്രയിൽ താങ്ങായി നിന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂടി ഹൃദയമാണ്..
പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ അബൂബക്കർ നസീഹയുടെ വീട്ടിലെത്തി സേനഹോപകാരം നൽകി.
ജീവിതത്തിലെ ചെറുതും വലുതുമായ പ്രതിസന്ധികളെ മനക്കരുത്തോടെ എങ്ങനെ തരണം ചെയ്യാമെന്നതിന് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും നസീഹ മാതൃകയാണെന്നും പരിമിതികൾ നേരിടുന്ന കുട്ടികളെ ചേർത്തി നിർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ എങ്ങനെയെത്തിക്കാമെന്നതിന് നസീഹയുടെ മാതാപിതാക്കൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു . മണ്ണാർക്കാട് ബിപിഒ മുഹമ്മദാലി കെ അധ്യക്ഷത വഹിച്ചു.